| Wednesday, 18th March 2020, 11:22 am

തൃണമൂലിന്റെ അഞ്ചാം സീറ്റ് മോഹം പാഴായി; ബംഗാളില്‍ അവസാന നിമിഷ ട്വിസ്റ്റ്; വിജയം സി.പി.ഐ.എമ്മിനൊപ്പം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അവസാന നിമിഷ മലക്കംമറിച്ചില്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ദിനേശ് ബജാജിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളി. ഇതോടെ മറ്റ് അഞ്ച് സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികള്‍ മത്സരമില്ലാതെ തെരഞ്ഞെടുക്കപ്പെടും.

പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യസാങ്മൂലത്തില്‍ നോട്ടറി സാക്ഷ്യപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിനേശ് ബജാജിന്റെ പത്രിക തള്ളിയത്. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലമായിരുന്നു ദിനേശ് സമര്‍പ്പിച്ചത്.

ദിനേശ് ബജാജിന്റെ പത്രിക തള്ളിയതോടെ കോണ്‍ഗ്രസ്-സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ബികാഷ് രഞ്ജന്‍ ഭട്ടാചാര്യക്കാണ് നറുക്ക് വീണിരിക്കുന്നത്. നാല് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചെടുക്കാനുള്ള അംഗസംഖ്യ തൃണമൂല്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു. അഞ്ചാം സീറ്റില്‍ സാധാരണ ഗതിയില്‍ സി.പി.ഐ.എം-കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് വിജയിക്കേണ്ടത്. എന്നാല്‍, സി.പി.ഐ.എമ്മിന് വോട്ട് ചെയ്യാന്‍ ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തയ്യാറാവില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ വോട്ടുകള്‍ തങ്ങള്‍ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിക്ക് മറിഞ്ഞാല്‍ വിജയം നേടാമെന്നായിരുന്നു തൃണമൂലിന്റെ കണക്കുകൂട്ടല്‍.

സി.പി.ഐ.എമ്മുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യം തകര്‍ക്കാന്‍ മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും അവസാന ഘട്ട ശ്രമം നടത്തിയിരുന്നു. ഇതിനെ തള്ളി ബംഗാള്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മുന്‍ ലോക്സഭ സ്പീക്കര്‍ മീരാകുമാറിനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കുകയാണെങ്കില്‍ പിന്തുണക്കാം എന്ന തൃണമൂല്‍ കോണ്‍ഗ്രസ് വാഗ്ദാനത്തെയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് തള്ളിയത്.

മാര്‍ച്ച് 12നായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. അതിന് ഒരു ദിവസം മുമ്പാണ് മീരാകുമാറിന്റെ പേര് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് ഈ വാഗ്ദാനം ഇഷ്ടപ്പെട്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനെ നിരന്തരം വിമര്‍ശിക്കുന്ന, ബംഗാളില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവായ അധിര്‍ രഞ്ജന്‍ ചൗധരി പോലും ഈ വാഗ്ദാനം സ്വീകരിക്കാവുന്നതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ബികാഷ് രഞ്ജന്‍ ചൗധരിയെ തന്നെയെ പിന്തുണക്കൂ എന്ന ഉറച്ച നിലപാടാണ് ബംഗാള്‍ കോണ്‍ഗ്രസ് എടുത്തത്. ഇതോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കം നടപ്പിലാക്കാനാവാതെ പോയത്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചിട്ടി ഫണ്ട് തട്ടിപ്പ് കേസില്‍ പരാതി നല്‍കുന്നതിന് മുമ്പില്‍ നിന്ന നേതാവാണ് മുന്‍ കൊല്‍ക്കത്ത മേയര്‍ കൂടിയായ ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more