| Tuesday, 26th November 2019, 8:29 pm

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സുരക്ഷബില്‍ രാജ്യസഭയില്‍ ശബ്ദവോട്ടോടെ പാസായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ട്രാന്‍സ്‌ജെന്‍ഡര്‍ സുരക്ഷബില്‍ രാജ്യസഭയില്‍ പാസാക്കി. ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. ശസ്ത്രക്രിയക്ക് വിധേയനായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് മജിസ്‌ട്രേറ്റിന്റെ പരിശോധനക്ക് ശേഷം ട്രാന്‍സ്‌ജെന്‍ഡര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും.

എന്നാല്‍ മെഡിക്കല്‍ സൂപ്രണ്ട് അല്ലെങ്കില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ജില്ലാ മജിസ്ട്രേറ്റ് സാക്ഷ്യപ്പെടുത്തുകയുള്ളൂ. വ്യക്തിക്ക് സര്‍ട്ടിഫിക്കറ്റ് നിരസിക്കപ്പെട്ട സാഹചര്യത്തില്‍, ജില്ലാ മജിസ്ട്രേറ്റ് എടുത്ത തീരുമാനം അപ്പീല്‍ ചെയ്യുന്നതിനോ അവലോകനം ചെയ്യുന്നതിനോ ഉള്ള വ്യവസ്ഥകളൊന്നും ബില്ലില്‍ പരാമര്‍ശിക്കുന്നില്ല.

ബില്ലിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് തന്നെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. നേരത്തെ ബില്‍ ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ അവകാശ സംരക്ഷണബില്‍ സമഗ്രമല്ലെന്നും മാറ്റംവേണമെന്നും നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 55 നെതിരെ 70 വോട്ടുകള്‍ നേടിയാണ് ബില്‍ പാസായത്. ബില്‍ ഒരു സെലക്ട് കമ്മിറ്റിക്ക് അയയ്ക്കണമെന്ന് ഡി.എം.കെ എം.പി തിരുച്ചി ശിവയാണ് ആവശ്യപ്പെട്ടത്.

ബില്‍ സെലക്ട് കമ്മിറ്റിക്ക് അയയ്ക്കണമെന്ന് ടി.എം.സി എം.പി ഡെറക് ഓബ്രിയനും ആവശ്യപ്പെട്ടു.കഴിഞ്ഞ ബുധനാഴ്ചയാണ് സാമൂഹികനീതി മന്ത്രി താവര്‍ ചന്ദ് ഗഹ്ലോത് ബില്‍ അവതരിപ്പിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ട്രാന്‍സ്ജെന്‍ഡറുകളുടെ വിദ്യാഭ്യാസ-തൊഴില്‍ അവകാശങ്ങള്‍ നിയമത്തില്‍ കൃത്യമായി ഉറപ്പാക്കണമെന്ന് സി.പി.ഐ. അംഗം ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ വിവാഹം, ദത്തെടുക്കല്‍, സ്വത്ത് എന്നിവയെ കുറിച്ച് ബില്‍ മൗനം പാലിക്കുകയാണെന്നും ചര്‍ച്ചക്കിടെ പറഞ്ഞിരുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more