| Thursday, 1st August 2019, 8:31 pm

മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭ പാസാക്കി; മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി പഠിപ്പ് മുടക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനിടെ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭ പാസാക്കി. രണ്ട് ഭേദഗതികളോടെയാണ് ബില്‍ പാസാക്കിയത്. എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്കും ഡോക്ടര്‍മാര്‍ക്കും പ്രയോജനപ്പെടുന്നതാണ് ബില്ലെന്ന് കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അഭിപ്രായപ്പെട്ടു.

രാജ്യസഭയില്‍ 101 പേര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ 51 പേരാണ് എതിര്‍പ്പ് അറിയിച്ചത്. ബില്‍ പാസാക്കിയതോടെ എം.ബി.ബി.എസ് അവസാന വര്‍ഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കുകയും ഇതിന്റെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എം.ഡി കോഴ്‌സിലേക്കുള്ള പ്രവേശനം നടത്തുകയും ചെയ്യും. പി.ജി പ്രവേശനത്തിന് എം.ബി.ബി.എസ് അവസാന വര്‍ഷ പരീക്ഷ മാനദണ്ഡമാക്കും.

അലോപ്പതി ഇതര വിഭാഗത്തില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്കും പ്രാഥമികതലത്തില്‍ ആധുനിക വൈദ്യശാസ്ത്ര ചികില്‍സ നടത്താന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

അതേസമയം, ആയുഷ്, ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ നിശ്ചിതതലം വരെ ആധുനികവൈദ്യം പ്രാക്ടീസ് ചെയ്യാന്‍ അനുമതി നല്‍കുന്നതിനെതിരെയായിരുന്നു ഡോക്ടര്‍മാരുടെ പ്രതിഷേധം.

ബില്‍ പ്രകാരം മിഡ് ലെവല്‍ ഹെല്‍ത്ത് വര്‍ക്കര്‍ എന്ന പേരില്‍ പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവെപ്പുകള്‍ക്കും ഡോക്ടര്‍മാരല്ലാത്ത വിദഗ്ധര്‍ക്കും നിയന്ത്രിത ലൈസന്‍സ് നല്‍കും.

മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അതോറിറ്റി 25 അംഗ ദേശീയ മെഡിക്കല്‍ കമ്മീഷനാവും. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ അമ്പത് ശതമാനം സീറ്റുകളില്‍ ഫീസിന് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം നിശ്ചയിക്കുമെന്നും ബില്ലില്‍ നിര്‍ദേശിക്കുന്നു.

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് പകരം മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കാന്‍ മെഡിക്കല്‍ കമ്മീഷനു കീഴില്‍ സ്വതന്ത്ര ബോര്‍ഡുകള്‍ സ്ഥാപിക്കും. സംസ്ഥാനങ്ങള്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ സ്ഥാപിക്കണം. എന്നിങ്ങനെയാണ് ബില്ലിലെ വ്യവസ്ഥകള്‍.

ബില്‍ പാസാക്കിയ സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് ഐ.എം.എയുടെ നീക്കം. ആദ്യഘട്ടത്തില്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തിലുള്ള സമരമാണ് ആസൂത്രണം ചെയ്യുന്നത്.

മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി പഠിപ്പ് മുടക്കും. ഇന്ന് രാത്രിമുതല്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും രണ്ട് വിദ്യാര്‍ഥികള്‍ വീതം നിരാഹാര സമരം തുടങ്ങും. സമരത്തിന്റെ രണ്ടാംഘട്ടത്തില്‍ ഡോക്ടര്‍മാരും സമരത്തിലേക്ക് നീങ്ങിയേക്കും.

We use cookies to give you the best possible experience. Learn more