| Monday, 2nd September 2013, 11:58 pm

ഭക്ഷ്യ സുരക്ഷാ ബില്ലിന് രാജ്യസഭയുടെയും അംഗീകാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: രണ്ടാം യു.പി.എ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ഭക്ഷ്യസുരക്ഷാ ബില്ലിന് രാജ്യസഭയുടെയും അംഗീകാരം. ശബ്ദവോട്ടോടെയാണ് രാജ്യസഭ ബില്ല പാസ്സാക്കിയത്. ബില്ല നേരത്തെ ലോകസഭ പാസ്സാക്കിയിരുന്നു. ഇനി രാഷ്ട്രുപതി പ്രണാബ് മുഖര്‍ജി ഒപ്പ് വയ്ക്കുന്നതോടെ ബില്ല് നിയമമായി മാറും.[]

രാജ്യത്തെ 70 ശതമാനം പേര്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ ഉറപ്പാക്കുന്നതാണ് ബില്‍. ബില്ല് നിയമമാകുന്നതോടെ രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത അവകാശമായി മാറും.

ഏതാണ്ട് ഒമ്പത് മണിക്കൂറിലധികം നീണ്ട ദീര്‍ഘമായ നടപടിക്രമങ്ങള്‍ക്ക ശേഷമാണ് ബില്‍ സര്‍ക്കാര്‍ രാജ്യസഭയില്‍ പാസ്സാക്കി എടുത്തത്. ഉച്ചയ്ക്ക രണ്ട് മണിയോടെ തുടങ്ങിയ നടപടിക്രമങ്ങള്‍ രാത്രി 11.15 ഓടെയാണ് പൂര്‍ത്തിയായത്.

അര്‍ഹരായവര്‍ക്ക കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതാണ് പദ്ധതി. 75 ശതമാനം ഗ്രാമീണര്‍ക്കും കുറഞ്ഞ നിരക്കില്‍ ഭക്ഷ്യ ധാന്യം ലഭിക്കും. അര്‍ഹരായവര്‍ക്ക് മൂന്നു രൂപയ്ക്ക് അരിയും രണ്ടു രൂപയ്ക്ക് ഗോതമ്പും വിതരണം ചെയ്യുന്ന രീതിയിലാണ് ബില്‍ നിയമമാകുന്നത്.

നഗരങ്ങളിലെ 50 ശതമാനം ദരിദ്രര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ബില്‍ പ്രകാരം ഗര്‍ഭിണികള്‍ക്ക് വര്‍ഷം ആറായിരം രൂപയ്ക്ക് നിയമപരമായി അവകാശമുണ്ടായിരിക്കും. ആറിനും 18 നും ഇടയ്ക്ക് പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഉച്ചഭക്ഷണവും ബില്‍ ഉറപ്പു നല്‍കുന്നു.

നേരത്തെ ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്ലിന്മേല്‍ ഏകദേശം നൂറോളം ഭേദഗതി നിര്‍ദ്ദേശങ്ങളാണ് വന്നത്. എന്നാല്‍ പത്തോളം ഭേദഗതികള്‍ മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. പ്രതിപക്ഷ ഭേദഗതികള്‍ പൂര്‍ണ്ണമായും തള്ളി

യു.പി.എ.യുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ഭക്ഷ്യസുരക്ഷാബില്ലിന്റെ കാര്യത്തില്‍ സോണിയാഗാന്ധി പ്രത്യേകതാത്പര്യമെടുത്തിരുന്നു. രാജീവ്ഗാന്ധിയുടെ ജന്മദിനത്തില്‍ ഭക്ഷ്യസുരക്ഷാ ബില്‍ ലോകസഭയില്‍ പാസ്സാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.

എന്നാല്‍, വിവിധ അഴിമതിയാരോപണങ്ങളെ ചൊല്ലി സഭയില്‍ നടന്ന ബഹളം കാരണം ഇത് ചര്‍ച്ചയ്‌ക്കെടുക്കാന്‍ കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി സമവായത്തിലെത്താനും സര്‍ക്കാറിന് കഴിഞ്ഞില്ല.

ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാന്‍ ആദ്യവര്‍ഷമായ 2014 ല്‍ 1.25 ലക്ഷം കോടി രൂപ ചെലവാണ് കണക്കാക്കുന്നത്. ഭക്ഷ്യ സബ്‌സിഡിയിനത്തില്‍ വരുന്ന അധികച്ചെലവ് 23,800 കോടിരൂപയുടേതാണ്. അരി, ഗോതമ്പ് , മറ്റ് ധാന്യങ്ങള്‍ ഇവ കിലോയ്ക്ക് 3, 2, 1 രൂപനിരക്കിലായിരിക്കും നല്‍കുക.

Latest Stories

We use cookies to give you the best possible experience. Learn more