| Friday, 2nd August 2019, 3:15 pm

വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാം; യു.എ.പി.എ ബില്ല് രാജ്യസഭയിലും പാസായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാമെന്ന യു.എ.പി.എ നിയമഭേദഗതി ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി.
ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല. 147 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 42 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.

ബില്‍ ഭരണഘടന വിരുദ്ധവും വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണെന്ന് കോണ്‍ഗ്രസ് അംഗം പി.ചിദംബരം പറഞ്ഞു. എന്നാല്‍ യു.എ.പി.എ ബില്ലിന്റെ ഏക ലക്ഷ്യം ഭീകരതയ്ക്കെതിരെ പോരാടുകയാണെന്നും അതിന് മറ്റൊരു ലക്ഷ്യവുമില്ലെന്നുമായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശദീകരണം.

കോണ്‍ഗ്രസ് തീവ്രവാദത്തെ മതവുമായി ബന്ധപ്പെടുത്തുന്നുവെന്നും അമിത്ഷാ ആരോപിച്ചു.

തീവ്രവാദത്തിന് മതമില്ല. തീവ്രവാദം ഒരു പ്രത്യേക പാര്‍ട്ടിക്കോ വ്യക്തിക്കോ എതിരല്ല. അതുകൊണ്ട് എല്ലാവരും ബില്ലിനെ പിന്തുണക്കണം എന്ന് അമിത്ഷാ പറഞ്ഞു. സംഘടനകള്‍ നിരോധിക്കുമ്പോള്‍ അതിലുള്‍പ്പെട്ട ആളുകള്‍ മറ്റൊരു സംഘടനയുണ്ടാക്കി പിന്നെയും പ്രവര്‍ത്തിക്കുന്നു. അത് കൊണ്ടാണ് വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നതെന്നും അമിത്ഷാ പറഞ്ഞു.

രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചയുടനെ ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യണമെന്ന അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്, ഡി.എം.കെ നേതാക്കള്‍ ഇറങ്ങിപോയി.

We use cookies to give you the best possible experience. Learn more