50,000 മുസ്‌ലിം വോട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെട്ടിമാറ്റിയെന്ന് രാജ്യസഭയില്‍ പ്രതിപക്ഷം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബില്‍ പാസാക്കി സഭ
India
50,000 മുസ്‌ലിം വോട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെട്ടിമാറ്റിയെന്ന് രാജ്യസഭയില്‍ പ്രതിപക്ഷം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബില്‍ പാസാക്കി സഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th December 2023, 10:14 am

ന്യൂദല്‍ഹി: യു.പിയിലെ മുറാദാബാദില്‍ നിന്ന് 50,000 മുസ്‌ലിം വോട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെട്ടിമാറ്റിയെന്ന് പ്രതിപക്ഷം. മുസ്‌ലിങ്ങളാണെന്ന ഒറ്റക്കാരണത്താലാണ് അവരുടെ വോട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെട്ടിമാറ്റിയതെന്നും ഈ നടപടി ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണെന്നും പ്രതിപക്ഷം പറഞ്ഞു.

സമാജ്‌വാദി പാര്‍ട്ടി നേതാവും മുലായം സിങ് യാദവിന്റെ സഹോദരനുമായ രാം ഗോപാല്‍ യാദവാണ് രാജ്യസഭയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനവും കമ്മീഷന് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ മുറാദാബാദില്‍ നിന്ന് മാത്രം 50000 മുസ്‌ലിങ്ങളുടെ പേരാണ് വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടിമാറ്റിയത്. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് സമീപിച്ചിരുന്നു. രേഖാമൂലം പരാതി നല്‍കിയെങ്കിലും ഒരു നടപടിയും കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഇത് മാത്രമല്ല വോട്ട് ചെയ്യാൻ വരുന്നവരെ അതിന് അനുവദിക്കാതെ പൊലീസ് ലാത്തിയുപയോഗിച്ച് ആട്ടിയോടിച്ചു. അതിനെതിരെയും ഒരു നടപടിയോ പരാമര്‍ശമോ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഉണ്ടായില്ല. അതിനെ കുറിച്ചും പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും കമ്മീഷന്‍ കൈക്കൊണ്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോക്കുകുത്തിയായി മാറിക്കഴിഞ്ഞു. ഇത്തരത്തിലാണ് നിലപാടെങ്കില്‍ രാജ്യത്ത് എങ്ങനെയാണ് നീതിയുക്തമായതും സ്വതന്ത്രവുമായ ഒരു തെരഞ്ഞെടുപ്പ് നടക്കുക,’രാം ഗോപാല്‍ യാദവ് ചോദിച്ചു.

ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ചദ്ദയും രംഗത്തെത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരേയും മറ്റുള്ള ഉന്നത ഉദ്യോഗസ്ഥരേയും നിയമിക്കാന്‍ കേന്ദ്രം ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത് ബില്‍ അല്ലെന്നും ബുള്‍ഡോസര്‍ ആണെന്നുമായിരുന്നു രാഘവ് ചദ്ദ പറഞ്ഞത്.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത പാടെ നഷ്ടമായെന്നും പ്രതിപക്ഷത്തെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന, അവരില്‍ മാത്രം കുറ്റം കണ്ടെത്തുന്ന ഒരു കമ്മീഷനാണ് നിലവില്‍ രാജ്യത്തുള്ളതെന്ന് എന്‍.സി.പി നേതാവ് വന്ദന ചവാനും കുറ്റപ്പെടുത്തി.

സുപ്രീം കോടതിയുടെ നിര്‍ദേശം മുഖവിലക്കെടുക്കാതെ കൊണ്ടുവന്ന ബില്‍ പിന്‍വലിക്കണമെന്ന് ജനതാദള്‍ യുണൈറ്റഡ് നേതാവ് രാംനാഥ് ഠാക്കൂര്‍ പറഞ്ഞു. ജമ്മുകശ്മീര്‍ ബില്‍ കഴിഞ്ഞ ദിവസം സഭ ചര്‍ച്ചക്കെടുത്തുമ്പോള്‍ അത് സുപ്രീം കോടതി വിധിക്കെതിരായ ലംഘനമാകുമെന്ന് പറഞ്ഞ് ബില്ലിനെതിരായ ചര്‍ച്ച വിലക്കിയ രാജ്യസഭയിലാണ് ഇപ്പോള്‍ സുപ്രീം കോടതി വിധിക്കെതിരെ തന്നെ ബില്‍ കൊണ്ടുവന്നിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് കമ്മീഷനെ നിഷ്പക്ഷമാക്കുന്നതിന് നടപടി കൈക്കൊള്ളുന്നതിന് പകരം 2:1 അനുപാതത്തിലൂടെ ഭരണപക്ഷത്തിന് അനുകൂലമായ രീതിയില്‍ ആ അനുപാതത്തെ മാറ്റുകയാണെന്ന് ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദിയും വിമര്‍ശിച്ചു.

ചര്‍ച്ചകള്‍ക്കും സംവാദത്തിനും ശേഷം പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍- തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ബില്‍ 2023 രാജ്യസഭ പാസാക്കി.

രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതാണ് ബില്‍. ഇത് പ്രകാരം പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന കേന്ദ്ര ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന സമിതിക്കാവും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരേയും മറ്റു തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരേയും തെരഞ്ഞെടുക്കാനുള്ള അധികാരം.

ചീഫ് ജസ്റ്റിസ് അടക്കം ഉള്‍പ്പടുന്ന ഉന്നത സമിതിയായിരിക്കണം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറേയും മറ്റ് കമ്മീഷണര്‍മാരേയും തെരഞ്ഞെടുക്കേണ്ടതെന്ന സുപ്രീം കോടതിയുടെ മാര്‍ച്ച് രണ്ടിലെ വിധി മറികടന്നാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രത്യേക നിയമം കൊണ്ടുവന്നത്.

Content Highlight: Rajya Sabha Passes Bill On Appointment Of Chief Election Commissioner and Election Commissioners