35 സിറ്റിങില്‍ രാജ്യസഭ പാസാക്കിയത് 32 ബില്ലുകള്‍; പലതും ചര്‍ച്ചകള്‍ പോലും നടത്താതെയെന്ന് ആരോപണം
national news
35 സിറ്റിങില്‍ രാജ്യസഭ പാസാക്കിയത് 32 ബില്ലുകള്‍; പലതും ചര്‍ച്ചകള്‍ പോലും നടത്താതെയെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th August 2019, 6:18 pm

ന്യൂദല്‍ഹി: ബുധനാഴ്ച്ച ബജറ്റ് സെഷന്‍ അവസാനിപ്പിക്കുമ്പോള്‍ രാജ്യസഭ പാസാക്കിയത് 32 ബില്ലുകള്‍. 35 ദിവസത്തെ സിറ്റിങിലാണ് രാജ്യസഭ 32 ബില്ലുകള്‍ പാസാക്കിയത്.

ജമ്മുകശീര്‍ പുനസംഘടനാ ബില്ലടക്കം മുത്തലാഖ് ബില്‍, എന്‍.ഐ.എ ഭേദഗതി ബില്‍, വിവരാവകാശ നിയമഭേദഗതി ബില്‍ ഉള്‍പ്പെടെയാണ് രാജ്യസഭയില്‍ പാസായത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കാനുള്ള പ്രമേയവും രാജ്യസഭയില്‍ പാസായി.

17 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു സമ്മേളനകാലയളവില്‍ ഇത്രയേറെ ബില്ലുകള്‍ രാജ്യസഭ പാസാക്കുന്നതെന്ന് ചെയര്‍മാന്‍ എം.വെങ്കയ്യ നായിഡു പറഞ്ഞു.

കഴിഞ്ഞ അഞ്ച് സെഷനുകളിലായി രാജ്യസഭയില്‍ നിന്നും പാസാക്കിയ ബില്ലുകള്‍ മുന്‍പ് ഉണ്ടായിരുന്ന 7.44 ശതമാനത്തില്‍ നിന്നും 65.60 ശതമാനമായാണ് വര്‍ധിച്ചത്.

പല ബില്ലുകളും പാസാക്കുന്നതില്‍ പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പുണ്ടായിരുന്നെങ്കിലും സഭയില്‍ ചര്‍ച്ച പോലും നടത്താതെയാണ് ബില്ലുകള്‍ പാസാക്കിയതെന്ന ആരോപണവും ഉയരുന്നുണ്ട്.