ബെംഗളൂരു: കോണ്‍ഗ്രസ് കര്‍ണാടകയെ വിഭജിക്കാന്‍ ശ്രമിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ കപില്‍ സിബല്‍.
‘ഇന്ദിരയും രാജീവ് ഗാന്ധിയും രാജ്യത്തിനായി ചോരയൊഴുക്കിയവരാണെന്നത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇന്ദിരയും രാജീവ് ഗാന്ധിയും കര്‍ണാടകയെ വിഭജിക്കാന്‍ ശ്രമിച്ചെന്നാണ് പ്രധാനമന്ത്രിയുടെ കണ്ടെത്തല്‍. വൈകാതെ തന്നെ എന്‍.സി.ഇ.ആര്‍.ടി ഈ വിവരങ്ങളെല്ലാം പാഠപുസ്തകങ്ങളില്‍ നിന്നും നീക്കുമായിരിക്കുമല്ലേ?’ കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു. മുഗള്‍ ചരിത്രം എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്നും നീക്കുമെന്ന വാര്‍ത്തകള്‍ സമീപകാലത്ത് രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഞായറാഴ്ച മൈസൂരുവില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പ്രധാനമന്ത്രി കോണ്‍ഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ചത്.
‘കോണ്‍ഗ്രസിന്റെ രാജകുടുംബത്തിന്റെ ഒരു ആഗ്രഹം രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഭരണം ലഭിച്ചാല്‍ കര്‍ണാടകയെ ഒരു സ്വതന്ത്ര പരമാധികാര രാജ്യമാക്കി മാറ്റുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
കര്‍ണാടക ഇന്ത്യയുടെ തന്നെ ഭാഗമല്ലെന്നാണ് അവര്‍ പറഞ്ഞുവെക്കുന്നത്. രാജ്യതാല്‍പ്പര്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ രാജകുടുംബം എന്നും മുന്നിലാണ്. രാജ്യത്തെ രാഷ്ട്രീയത്തെ അട്ടിമറിക്കാന്‍ അവര്‍ വിദേശ ശക്തികളെ കൂട്ടുപിടിക്കാറുണ്ട്,’ മോദി വിമര്‍ശിച്ചു.