|

രാജ്യസഭയില്‍ 'സൈനികവേഷത്തില്‍ മാര്‍ഷല്‍മാര്‍'; ചോദ്യമുന്നയിച്ച ജയറാം രമേശിനെ വിലക്കി ഉപരാഷ്ട്രപതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യസഭയുടെ 250-ാം സമ്മേളനം തിങ്കളാഴ്ച ആരംഭിച്ചപ്പോള്‍ ഒരു അപ്രതീക്ഷിത മാറ്റം കണ്ടാണ് അംഗങ്ങള്‍ ഞെട്ടിയത്. സഭയിലെ മാര്‍ഷല്‍മാരുടെ വസ്ത്രധാരണം കണ്ടായിരുന്നു ആ ഞെട്ടല്‍. തലപ്പാവ് അടക്കം പരമ്പരാഗത വസ്ത്രധാരണ രീതിയിലായിരുന്നു കഴിഞ്ഞ സമ്മേളനം വരെ അവരെത്തിയതെങ്കില്‍ തിങ്കളാഴ്ച അതായിരുന്നില്ല വേഷം.

തൊപ്പിയടക്കമുള്ള സൈനിക വേഷത്തിലായിരുന്നു അവരെ തിങ്കളാഴ്ച സഭയില്‍ കണ്ടത്. സഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ എം. വെങ്കയ്യാ നായിഡുവിന്റെ ഇരുവശത്തുമായി നിന്നിരുന്ന മാര്‍ഷല്‍മാരാണ് ഇത്തരം വസ്ത്രധാരണവുമായി സഭയിലെത്തിയത്.

സൈനികരുടെ വേഷത്തില്‍ നിന്നു ചെറിയ വ്യത്യസ്തമായി ഒലിവ് പച്ച നിറമായിരുന്നു അവരുടെ വസ്ത്രത്തിന്. സൈനികരുടെ വേഷത്തില്‍ കാണുന്നതുപോലെ തന്നെ തോളിലും നെഞ്ചിലുമായി ലോഹം കൊണ്ടുള്ള ചരടുകളും ഉണ്ടായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വേനല്‍ക്കാല സമ്മേളനത്തില്‍ സഫാരി സ്യൂട്ടുകളും ശീതകാല സമ്മേളനത്തില്‍ തലപ്പാവടക്കമുള്ള വസ്ത്രവുമായിരുന്നു കീഴ്‌വഴക്കം. ഇതാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്. യഥാര്‍ഥത്തില്‍ ഇത് മാര്‍ഷല്‍മാര്‍ തന്നെയാണോ എന്നായിരുന്നു ഒരംഗത്തിന്റെ ചോദ്യം. ‘അതെ, അവര്‍ മാര്‍ഷല്‍മാര്‍ തന്നെയാണ്’ എന്നായിരുന്നു നായിഡുവിന്റെ മറുപടി.

തുടര്‍ന്ന് സഭയിലെ മുന്‍ അംഗമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടിരിക്കവെ, ഇക്കാര്യം വീണ്ടും ഉന്നയിക്കാന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനെ നായിഡു വിലക്കി. ഒരു അനുശോചനത്തിനിടയിലാണു നമ്മള്‍ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രധാനമായ ഒരു മാറ്റമാണ് വേഷത്തില്‍ ഉണ്ടായിരിക്കുന്നതെന്നും രമേശ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത്തരം സുപ്രധാനമായ പോയിന്റുകള്‍ അപ്രധാനമായ സമയങ്ങളിലാണു താങ്കള്‍ എപ്പോഴും ഉന്നയിക്കുക എന്നായിരുന്ന രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ നായിഡു അദ്ദേഹത്തോടു പറഞ്ഞു. തുടര്‍ന്ന് മരിച്ച സഭാംഗങ്ങളോട് ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടുമണി വരെ നിര്‍ത്തിവെച്ചു.