| Saturday, 29th April 2023, 8:25 pm

അമിത് ഷായെ വിമര്‍ശിച്ച് ലേഖനമെഴുതി; ജോണ്‍ ബ്രിട്ടാസ് എം.പിക്ക് നോട്ടീസയച്ച് രാജ്യസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനമെഴുതിയതിന്റെ പേരില്‍ ജോണ്‍ ബ്രിട്ടാസ് എം.പിക്ക് നോട്ടീസ്. ഫെബ്രുവരി 20ന് ഇന്ത്യന്‍ എക്‌സ്പ്രസിലെഴുതിയ ലേഖനത്തില്‍ അമിത് ഷായെ വിമര്‍ശിച്ചത് രാജ്യദ്രോഹപരമാണെന്ന ആരോപണത്തിലാണ് രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ജോണ്‍ ബ്രിട്ടാസിന് നോട്ടീസയച്ചിരിക്കുന്നത്.

ബ്രിട്ടാസിന്റെ ലേഖനം സമൂഹത്തില്‍ ധ്രുവീകരണം സൃഷ്ടിക്കുന്നതാണെന്നും രാജ്യദ്രോഹപരമാണെന്നും കാണിച്ച് കേരള ഘടകം ബി.ജെ.പി ജനറല്‍ സെക്രട്ടറി പി. സുധീര്‍ നല്‍കിയ പരാതിയിലാണ് രാജ്യസഭാ അധ്യക്ഷന്റെ നടപടി. നോട്ടീസയച്ച വിവരം രാജ്യസഭാ സെക്രട്ടറിയേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാ മൂലം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസയക്കുന്നതിന് മുമ്പ് സംഭവത്തില്‍ ജോണ്‍ ബ്രിട്ടാസ് എം.പിയുടെ വിശദീകരണം ഉപരാഷ്ട്രപതി കേട്ടിരുന്നു.

ഫെബ്രുവരി 20ന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ കുപ്രചരണത്തിന്റെ അപകടങ്ങള്‍ എന്ന ലേഖനത്തിനെതിരെയാണ് ബി.ജെ.പി നേതാവ് പരാതി നല്‍കിയത്. ഭാവിയില്‍ ഇത്തരം ലേഖനങ്ങള്‍ ഉണ്ടാകുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും എഴുത്തുകള്‍ക്ക് മേല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം രാജ്യസഭയുടെ നടപടി ആവിശ്യകാര്യ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി പ്രതികരിച്ചു. എഴുത്തിലൂടെ ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുന്നത് മൗലികാവകാശത്തിന്റെ ഭാഗമാണെന്നും എം.പി പറഞ്ഞു.

അമിത് ഷായുടെ പ്രസ്താവനക്കെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ നടന്ന നടപടി അഭിപ്രായ സ്വതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണ്. ലേഖനത്തെക്കുറിച്ചുള്ള വിശദീകരണം രാജ്യസഭ അധ്യക്ഷനെ ഞാന്‍ അറിയിച്ചതാണ്. ഇതിനെതിരെ രാജ്യസഭാംഗങ്ങളുടെ അവകാശ സംരക്ഷകനായ ചെയര്‍മാന്‍ ഉചിതമായ മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു,’ ബ്രിട്ടാസ് പറഞ്ഞു.

Content Highlight: rajya sabha issue notice against jhon brittas mp

We use cookies to give you the best possible experience. Learn more