| Tuesday, 27th February 2024, 8:39 am

രാജ്യസഭാ തെരഞ്ഞെടുപ്പ്; കൂറുമാറ്റ ഭീഷണിയില്‍ സമാജ്‌വാദി പാര്‍ട്ടി; എട്ട് എം.എല്‍.എമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: മൂന്ന് സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ച രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂറൂമാറ്റ ഭീഷണിയില്‍ സമാദ്‌വാദി പാര്‍ട്ടി. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 15 രാജ്യസഭാ സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

യു.പിയിലെ 10 രാജ്യസഭാ സീറ്റുകളില്‍ ബി.ജെ.പിയുടെ എട്ട് സ്ഥാനാര്‍ത്ഥികളും പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടിയുടെ മൂന്ന് സ്ഥാനാര്‍ഥികളുമാണ് മത്സരിക്കുന്നത്. മുന്‍ എസ്.പി നേതാവ് സഞ്ജയ് സേത്തും ബി.ജെ.പിയുടെ എട്ട് സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ്.

സഞ്ജയ് സേത്തിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സമാജ്‌വാദി പാർട്ടിക്ക് വെല്ലുവിളിയായിട്ടുണ്ട്. എസ്.പിയിലെ പത്ത് എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമാണെന്ന അവകാശവാദം ഉന്നയിച്ച് ബി.ജെ.പി രെഗത്തെത്തി.

അതിനിടെ, സമാജ്‌വാദി പാര്‍ട്ടി ഇന്നലെ വിളിച്ച എം.എല്‍.എമാരുടെ യോഗത്തിൽ എട്ട് എം.എല്‍.എമാര്‍ പങ്കെടുത്തില്ല. ഇത് സമാജ്‌വാദി പാര്‍ട്ടിയില്‍ കൂറുമാറ്റ ഭീഷണി വര്‍ധിപ്പിച്ചിട്ടുണ്ട്.

ഹിമാചല്‍പ്രദേശിലെ ഒരു സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അഭിഷേക് സിങ്‌വിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഹര്‍ഷ് മഹാജനും തമ്മിലാണ് മത്സരം. 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള 41 നേതാക്കളെ ഇതിനോടകം എതിരില്ലാതെ തെരഞ്ഞെടുത്ത് കഴിഞ്ഞതാണ്.

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദ, അശോക് ചവാന്‍, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എല്‍ മുരുകന്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. 15 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെയാണ് നടക്കുക.

Contant Highlight: Rajya Sabha Elections; Samajwadi Party under threat Cross Voting

We use cookies to give you the best possible experience. Learn more