| Monday, 15th June 2020, 12:34 pm

യോഗയും പിന്നെ..., രാജസ്ഥാനില്‍ റിസോര്‍ട്ടിലായ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ഒരു ദിവസം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പുര്‍: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് ആരോപിച്ച് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. റിസോര്‍ട്ടില്‍ എം.എല്‍.എമാര്‍ എന്താണ് ചെയ്യുന്നുണ്ടാവുക എന്ന കാര്യം കൗതുകത്തോടെയാണ് എല്ലാവരും അന്വേഷിച്ചിരുന്നത്.

ഞായറാഴ്ച ഇവര്‍ മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള സിനിമ കാണുകയും യോഗ പരിശീലിക്കുകയുമായിരുന്നെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.

രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജൂണ്‍ 19 വരെ എം.എല്‍.എമാരോട് റിസോര്‍ട്ടില്‍ത്തന്നെ തുടരാനാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. ബി.ജെ.പി പണം നല്‍കി എം.എല്‍
.എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട് ആരോപിക്കുന്നത്. 20 മുതല്‍ 25 കോടിവരെ എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്യാനായിരുന്നു ബി.ജെ.പിയുടെ നീക്കമെന്നും ഗെലോട്ട് പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ ബി.ജെ.പി സംസ്ഥാന നേതൃത്വം തള്ളിയിരുന്നു.

കെ.സി വേണുഗോപാലും നീരജ് ഡങ്കിയുമാണ് കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍. നിയമസഭയിലെ അംഗസംഖ്യ വെച്ച് കോണ്‍ഗ്രസിന് രണ്ട് സീറ്റുകളും ബി.ജെ.പിക്ക് ഒന്നും ഉറപ്പാണ്. എന്നാല്‍, ബി.ജെ.പി രണ്ടാം സ്ഥാനാര്‍ത്ഥിയെ ഇറക്കിയതോടെയാണ് രാജസ്ഥാനില്‍ പ്രതിസന്ധികള്‍ക്ക് തുടക്കമായത്. കുതിരക്കച്ചവടം നടത്തി കോണ്‍ഗ്രസിന്റെ വോട്ടുകള്‍ നേടാനാണ് ബി.ജെ.പിയുടെ ശ്രമമെന്നാണ് ആരോപണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more