| Wednesday, 28th February 2024, 11:58 am

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഹിമാചൽ പ്രദേശിൽ കൂറുമാറിയവരെ അയോഗ്യരാക്കാനൊരുങ്ങി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷിംല: ഹിമാചല്‍ പ്രദേശില്‍ ചൊവ്വാഴ്ച നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്ത ആറ് എം.എല്‍.എമാരെ അയോഗ്യരാക്കാനൊരുങ്ങി കോണ്‍ഗ്രസ്. കൂറുമാറിയ എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കറെ സമീപിച്ചു.

ഈ ആറ് എം.എല്‍.എമാര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തതോടെയാണ് ബി.ജെ.പി സ്ഥാനാര്‍ഥി ഹര്‍ഷ് മഹാജന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. സംസ്ഥാനത്ത് ഭൂരിപക്ഷം ഉണ്ടായിട്ടും സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ സാധിക്കാത്തത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി.

രാജ്യസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ക്രോസ് വോട്ട് ചെയ്ത് തന്നെ പരാജയപ്പെടുത്തിയ ആറ് എം.എല്‍.എമാര്‍ക്കും നന്ദി പറഞ്ഞ് മനു അഭിഷേക് സിങ്‌വി രംഗത്തെത്തി.

‘ മനുഷ്യ സ്വഭാവത്തെ കുറിച്ച് എന്നെ പഠിപ്പിച്ച് തന്ന ആറ് എം.എല്‍.മാര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം വരെ കഴിച്ചെങ്കിലും അവരെ മനസിലാക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു’, മനു അഭിഷേക് സിങ്‌വി പറഞ്ഞു.

നിലവില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ബി.ജെ.പി അവിശ്വാസ പ്രമേയം അവതരിപ്പിക്കാനൊരുങ്ങിയിരിക്കുകയാണ്. അതേസമയം, കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. സി.ആര്‍.പി.എഫിന്റെ കാവലിലാണ് എം.എല്‍.മൊരെ തട്ടിക്കൊണ്ട് പോയതെന്ന് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് പറഞ്ഞു.

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തതോടെ സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടന്നാരോപിച്ച് ബി.ജെ.പി രംഗത്തെത്തി. ഹിമാചല്‍ പ്രദേശിലെ 68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 എം.എല്‍.എമാരും ബി.ജെ.പിക്ക് 25 എം.എല്‍.എമാരുമാണ് ഉള്ളത്. ബാക്കിയുള്ള മൂന്ന് സീറ്റുകള്‍ സ്വതന്ത്രര്‍ക്കാണ്.

Contant Highlight: Rajya Sabha Election: Congress seeks disqualification of 6 MLAs who cross-voted

We use cookies to give you the best possible experience. Learn more