| Monday, 9th March 2020, 12:45 pm

രാജ്യസഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് പ്രധാനപ്പെട്ടതാകാന്‍ കാരണങ്ങളേറെ; കരുനീക്കങ്ങളെല്ലാം രഹസ്യം; പ്രതീക്ഷകള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ കരുക്കള്‍ നീക്കുകയാണ് ബി.ജെ.പി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പോലും പരസ്യപ്പെടുത്താതെയാണ് ബി.ജെ.പി തന്ത്രം മെനയുന്നത്.

ബിജു ജനതാ ദളും തൃണമൂല്‍ കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. കോണ്‍ഗ്രസും രാജ്യസഭാ തെരഞ്ഞെടുപ്പിലെ യോജിപ്പുകളും വിയോജിപ്പുകളും പരസ്യമായി രേഖപ്പെടുത്തുന്നുമുണ്ട്. എന്നാല്‍, ബി.ജെ.പിയാകട്ടെ, തെരഞ്ഞെടുപ്പ് ഗോദയിലെ ഗതികളെ അതിസൂക്ഷ്മമായി നിരീക്ഷിച്ചാണ് ഓരോ ചുവടും വെക്കുന്നത്. അതുകൊണ്ടുതന്നെയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ചര്‍ച്ചകളും നീക്കങ്ങളും പാര്‍ട്ടിക്കുള്ളില്‍ ഒതുക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുള്ള പേരുകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്നും മാത്രമാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ചില പേരുകള്‍ കേന്ദ്ര നേതാക്കളുമായി ആലോചിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകുമെന്നാണ് ഒരു ബി.ജെ.പി നേതാവ് പറഞ്ഞത്.

മുത്തലാഖ് നിരോധനം, ജമ്മു കശ്മീര്‍ വിഷയങ്ങളിലെ തീരുമാനം തുടങ്ങിയ നിര്‍ണായക ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയെങ്കിലും ബി.ജെ.പി സഭയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നില്ല. 12 സീറ്റെങ്കിലും ഉറപ്പിച്ച് സഭയില്‍ അംഗസംഖ്യ കൂട്ടാനാണ് ബി.ജെ.പി കരുക്കള്‍ നീക്കുന്നത്. 82 അംഗങ്ങളാണ് ബി.ജെ.പിക്ക് രാജ്യസഭയിലുള്ളത്. എന്‍.ഡി.എ സഖ്യത്തിന് 97 സീറ്റുകളും. ആകെയുള്ള 245 സീറ്റില്‍ പകുതിയിലും കുറവാണിത്.

2014 ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനുശേഷവും തനിയെ ഭൂരിപക്ഷമില്ലാത്തതിനാല്‍ രാജ്യസഭയില്‍ പ്രധാന ബില്ലുകള്‍ പാസാക്കുന്നതിന് ബി.ജെ.പിക്ക് ചെറിയ പാര്‍ട്ടികളുടെ പിന്തുണയെ ആശ്രയിക്കേണ്ടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ ബിജെപിയെ സംബന്ധിച്ചിടത്തോളം രാജ്യസഭയില്‍ സ്ഥാനം ശക്തിപ്പെടുത്തുന്നത് നിര്‍ണായകമാണ്.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 55 സീറ്റുകളില്‍ 18 എണ്ണം ബി.ജെ.പിക്ക് ഉറപ്പാണ്. എന്നാല്‍, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നേരിട്ട തിരിച്ചടി ഈ പ്രതീക്ഷകളെ തെറ്റിക്കുമോ എന്ന ആശങ്കയും പാര്‍ട്ടിക്കുള്ളിലുണ്ട്.

നിയമസഭാംഗങ്ങളുടെ എണ്ണമനുസരിച്ച് ഹിമാചല്‍ പ്രദേശില്‍നിന്ന് ഒന്നും ഹരിയാനയില്‍ രണ്ട് സീറ്റില്‍ ഒന്ന്, രാജസ്ഥാനില്‍ മൂന്നില്‍നിന്ന് ഒന്ന്, ബീഹാറില്‍ അഞ്ച് സീറ്റില്‍ ഒന്ന്, മഹാരാഷ്ട്രയിലെ ഏഴെണ്ണത്തില്‍ മൂന്ന്, മധ്യപ്രദേശിലെ മൂന്നില്‍നിന്ന് ഒന്ന്, ഗുജറാത്തില്‍ നാല് സീറ്റില്‍നിന്ന് രണ്ട്, അസമില്‍നിന്നും മൂന്ന് സീറ്റ്, അരുണാചല്‍ പ്രദേശില്‍നിന്നും മണിപ്പൂരില്‍നിന്നും ഓരോന്ന് വീതം എന്നിങ്ങനെയാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more