രാജ്യസഭ കലുഷിതം; ഭരണഘടന കീറാന്‍ ശ്രമിച്ച പി.ഡി.പി എം.പിമാരെ സഭയില്‍ നിന്നു പുറത്താക്കി സ്പീക്കര്‍
Kashmir Turmoil
രാജ്യസഭ കലുഷിതം; ഭരണഘടന കീറാന്‍ ശ്രമിച്ച പി.ഡി.പി എം.പിമാരെ സഭയില്‍ നിന്നു പുറത്താക്കി സ്പീക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th August 2019, 12:12 pm

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ലവതരിപ്പിക്കുന്നതിനിടെ ഭരണഘടന കീറി പ്രതിഷേധിക്കാന്‍ ശ്രമിച്ച പി.ഡി.പി എം.പിമാരെ സഭയ്ക്കു പുറത്താക്കി രാജ്യസഭാധ്യക്ഷന്‍ എം. വെങ്കയ്യാ നായിഡു.

പി.ഡി.പി എം.പി മിര്‍ ഫയാസ് സ്വന്തം വസ്ത്രങ്ങള്‍ വലിച്ചുകീറി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ഫയാസിനു പുറമേ നാസിര്‍ അഹമ്മദിനോടും അധ്യക്ഷന്‍ പുറത്തുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടാകാത്തതിനാല്‍ മാര്‍ഷല്‍മാരെ ഉപയോഗിച്ച് ഉപരാഷ്ട്രപതി കൂടിയായ നായിഡു അവരെ നീക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കാനുള്ള ബില്ലും അമിത് ഷാ അവതരിപ്പിച്ചിരുന്നു. ജമ്മു കശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂര്‍ണമായും എടുത്ത് കളയാനുള്ള ബില്ലാണ് അമിത് ഷാ അവതരിപ്പിച്ചത്.

പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തെ മറികടന്നുകൊണ്ടായിരുന്നു അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. ഉപരാഷ്ട്രപതിക്കുള്ള വിവേചനാധികാരം ഉപയോഗിച്ചാണ് ബില്‍ അവതരിപ്പിച്ചത്.

വളരെ സുപ്രധാനമായ നിയമനിര്‍മാണമാണ് നടക്കാന്‍ പോകുന്നതെന്നും അതിനാല്‍ തന്നെ പതിവ് ചട്ടങ്ങളും കീഴ്വഴക്കങ്ങളും മാറ്റിവെച്ച് ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കുകയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ ബില്‍ അവതരിപ്പിച്ചത്.

എം.പിമാര്‍ക്ക് നേരത്തെ വിതരണം ചെയ്യാതെയാണ് പ്രമേയം അവതരിപ്പിച്ചത്. അമിത് ഷായെ സംസാരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അനുവദിക്കാതെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും ബഹളത്തിനിടെ അമിത് ഷാ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. പ്രമേയത്തിന് മേല്‍ ഇനി വോട്ടെടുപ്പ് നടക്കും.

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട സാമ്പത്തിക സംവരണ ബില്ലിന് പുറമേ മൂന്ന് ബില്ലുകള്‍ക്ക് കൂടി ഉപരാഷ്ട്രപതി അനുമതി നല്‍കി.

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും 100 ശതമാനം മറുപടി പറയാനും തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു.