| Wednesday, 21st August 2024, 10:30 am

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒമ്പത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള ഒമ്പത് സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥികളില്‍ പ്രമുഖര്‍ നരേന്ദ്ര മോദി മന്ത്രിസഭയിലെ രണ്ട് സംസ്ഥാന മന്ത്രിമാരാണ്. ഒരാള്‍ ബാര്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്റും ബീഹാറില്‍ നിന്നുള്ള മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനുമാണ്.

കേന്ദ്രമന്ത്രിമാരായ രവ്‌നീത് സിങ് ബിട്ടുവിനെ രാജസ്ഥാനിലും ജോര്‍ജ് കുര്യനെ മധ്യപ്രദേശിലുമാണ് മത്സരിപ്പിക്കുന്നത്. രവ്‌നീത് സിങ് ബിട്ടു നിലവില്‍ കേന്ദ്ര സംസ്ഥാന റെയില്‍വേ, ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രിയാണ്. ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.

2024ൽ ഗുണ സീറ്റില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന മന്ത്രി ജോര്‍ജ് കുര്യനെയും സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കുകയായിരുന്നു. മലയാളിയായ കുര്യന്‍ 1980 മുതല്‍ തന്നെ ബി.ജെ.പിയിലാണ്.

ഒഡീഷ്യയില്‍ നിന്നുള്ള മുന്‍ ബി.ജെ.ഡി നേതാവ് മമത മോഹന്തയെയും മുന്‍ കോണ്‍ഗ്രസ് നേതാവ് കിരണ്‍ ചൗധരിയെയും ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി തെരഞ്ഞെടുത്തിട്ടുണ്ട്. ഈ രണ്ട് നേതാക്കളും അടുത്തിടെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ ഹരിയാന മന്ത്രിയും ശോശാമില്‍ നിന്നുള്ള എം.എല്‍.എയുമായ ചൗധരിയുടെ മകള്‍ ശ്രുതിയും ബി. ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്.

ബി.ജെ.പിയുടെ ഒമ്പത് സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ ഇടം നേടിയ മറ്റൊരാളാണ് മനന്‍ കുമാര്‍ മിശ്ര. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനുമാണ് മനന്‍ കുമാര്‍ മിശ്ര. ഇവര്‍ക്ക് പുറമെ മഹാരാഷ്ട്രയില്‍ നിന്നും ധൈര്യശില്‍ പാട്ടീലും ത്രിപുരയില്‍ നിന്നും റജീബ് ഭട്ടാചാര്യയും തെരഞ്ഞെടുക്കപ്പെട്ടു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബീഹാറിലേക്കുള്ള എന്‍.ഡി.എയുടെ സീറ്റ് വിഭജന ഫോര്‍മുലയനുസരിച്ച് , കുശ്വാഹയുടെ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഒരു സീറ്റും സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് മറ്റൊരു ബര്‍ത്തും ലഭിക്കേണ്ടതായിരുന്നു.

എന്നാല്‍ 2014ലെ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നു കുശ്വാഹ ഫിനിഷ് ചെയ്തത്. ഈ തെരഞ്ഞെടുപ്പില്‍ രാജാ റാം ഒന്നാം സ്ഥാനവും പവന്‍ സിങ് രണ്ടാം സ്ഥാനവും സ്വന്തമാക്കിയിരുന്നു. രഞ്ജന്‍ ദാസിനെയും മുന്‍ കേന്ദ്രമന്ത്രി രാമേശ്വര്‍ തേലിയെയും അസമില്‍ നിന്നും സ്ഥാനാര്‍ത്ഥികളായി തെരഞ്ഞെടുത്തു.

കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, സര്‍ബാനന്ദ സോനൊവാള്‍, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ ഉള്‍പ്പെടെയുള്ള സിറ്റിങ് അംഗങ്ങള്‍ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് ബാക്കി ഒഴിവ് വന്ന സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബര്‍ മൂന്നിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.

Content Highlight: Rajya Sabha By Election, BJP Announced Nine Candidates From Eight States

We use cookies to give you the best possible experience. Learn more