| Tuesday, 9th July 2019, 4:41 pm

രാജ്യസഭ പിരിച്ചുവിട്ടു; ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം കാണാനാണ് കോണ്‍ഗ്രസ് സഭ തടസ്സപ്പെടുത്തിയതെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി രാജ്യസഭയിലും അലയടിച്ചപ്പോള്‍, സമയം പൂര്‍ത്തിയാക്കാതെ സഭ പിരിച്ചുവിട്ടു. എന്നാല്‍ പതിവുപോലെയുണ്ടാകുന്ന രാഷ്ട്രീയപ്രശ്‌നങ്ങളുടെ പേരില്‍ പ്രതിപക്ഷം ബഹളം വെച്ചെന്നല്ല ബി.ജെ.പിയുടെ ആരോപണം. ഇന്നു നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ലോകകപ്പ് സെമിഫൈനല്‍ മത്സരം കാണാന്‍ വേണ്ടിയാണ് ഇതെന്ന ആരോപണമാണ് അവര്‍ ഉന്നയിക്കുന്നത്.

കര്‍ണാടക പ്രശ്‌നവും മറ്റു കാര്യങ്ങളും ഉയര്‍ത്തി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസുമാണ് സഭയില്‍ ബഹളം വെച്ചത്. എന്നാല്‍ സ്വപന്‍ ദാസ്ഗുപ്ത അടക്കമുള്ള എം.പിമാര്‍ വരെ ഇതിനെതിരെ രംഗത്തെത്തി. അവര്‍ക്ക് ക്രിക്കറ്റ് കാണണമെന്നുള്ളതാണ് ഇതിനു കാരണമെന്നും മറ്റൊരു വിശദീകരണവും ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രപതിയുടെ നോമിനിയായാണ് അദ്ദേഹം സഭയിലെത്തിയത്.

കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരില്‍ ഭിന്നത സൃഷ്ടിച്ചത് ബി.ജെ.പിയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ്, കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. ജനാധിപത്യം കൊല ചെയ്യപ്പെട്ടെന്നും അവര്‍ ആരോപിച്ചു.

ശൂന്യവേളയില്‍ കര്‍ണാടക പ്രശ്‌നം ഉന്നയിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും അധ്യക്ഷന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യാ നായിഡു വിസ്സമതിച്ചു. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധിച്ചതോടെ സഭ രണ്ടുമണിയോടെ തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവെയ്ക്കുകയായിരുന്നു. മൂന്നുമണിക്കാണ് മത്സരം ആരംഭിച്ചത്. ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ സെമി പോരാട്ടം.

നേരത്തേ ബിഹാറിലെ മുസാഫര്‍പുരില്‍ പടര്‍ന്നുപിടിക്കുന്ന മസ്തിഷ്‌കജ്വരത്തെ പ്രതിരോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ സ്‌കോര്‍ ചോദിച്ച ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെയുടെ വീഡിയോ ഏറെ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു. ബിഹാറില്‍ ഈ അസുഖം ബാധിച്ച് നൂറുകണക്കിനു കുഞ്ഞുങ്ങളാണു മരിച്ചത്.

ബി.ജെ.പിക്കെതിരെ ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയും മുദ്രാവാക്യം വിളിച്ചിരുന്നു. 17-ാമത് ലോക്സഭയില്‍ ആദ്യമായാണ് രാഹുല്‍ ബി.ജെ.പിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ഉച്ചയ്ക്ക് ശേഷമായിരുന്നു രാഹുല്‍ സഭയിലെത്തിയത്.

ആ സമയം കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി കര്‍ണാടക വിഷയം സഭയില്‍ ഉന്നയിക്കുകയായിരുന്നു. കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പിക്കാര്‍ വേട്ടയാടിയെന്നും കുതിരക്കച്ചവടമാണ് ബി.ജെ.പി നടത്തുന്നതെന്നും രഞ്ജന്‍ ചൗധരി ആരോപിച്ചു.

പോസ്റ്ററുകള്‍ ഉയര്‍ത്തിയായിരുന്നു അംഗങ്ങള്‍ മുദ്രാവാക്യം വില്‍ച്ചത്. എന്നാല്‍ ഇതിനെതിരെയും സ്പീക്കര്‍ രംഗത്തെത്തി. ഈ രാജ്യം നിങ്ങളെ ഉറ്റുനോക്കുകയാണെന്നും ഇവിടെ നിങ്ങള്‍ അച്ചടക്കം പാലിക്കേണ്ടതുണ്ടെന്നുമായിരുന്നു സ്പീക്കര്‍ പറഞ്ഞത്.

ഇത് ഞങ്ങളുടെ അവകാശമാണെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞെങ്കിലും ഇതല്ല നിങ്ങളുടെ അവകാശം എന്ന് പറഞ്ഞ് സ്പീക്കര്‍ അംഗങ്ങള്‍ക്കെതിരെ രംഗത്തെത്തുകയായിരുന്നു. മുദ്രാവാക്യം വിളിച്ച എം.പിമാരെ സ്പീക്കര്‍ ശാസിക്കുകയും ചെയ്തു

എന്നാല്‍ വിഷയം തിങ്കളാഴ്ച സഭ ചര്‍ച്ച ചെയ്യാമെന്നും രാജ്നാഥ് സിങ് വിഷയത്തില്‍ മറുപടി നല്‍കുമെന്നും സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.
എന്നാല്‍ ജനാധിപത്യം സംരക്ഷിക്കുക എന്നത് താങ്കളുടെ കടമയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. സ്പീക്കറുടെ പ്രതികരണത്തില്‍ പ്രതിഷേധിച്ച് ചൗധരി വീണ്ടും വിഷയം ഉന്നയിച്ചു.

എന്നാല്‍ സ്പീക്കര്‍ വിഷയം പരിഗണനക്കെടുതിരുന്നതോടെ ചൗധരി മുദ്രാവാക്യം വിളിച്ചു തുടങ്ങി. സ്വേച്ഛാധിപത്യം തുലയട്ടെ, വേട്ടയാടല്‍ രാഷ്ട്രീയം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു ഉയര്‍ത്തിയത്. ഇതോടെ രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചുതുടങ്ങി.

We use cookies to give you the best possible experience. Learn more