ചെന്നൈ സൂപ്പര്‍ കിങ്‌സ് – ഗുജറാത്ത് ടൈറ്റന്‍സ് മത്സരം കണ്ടവര്‍ക്കെല്ലാം മനസില്‍ ഒരു പോലെ തങ്ങി നില്‍ക്കുന്ന പ്രകടനമായിരുന്നു രാജ്‌വര്‍ധന്‍ ഹംഗാര്‍ഗേക്കറിന്റേത്. സൂപ്പര്‍ കിങ്‌സ് നിരയില്‍ ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞാണ് താരം ആരാധകരുടെ മനസില്‍ ഇടം നേടിയത്.
കൂട്ടത്തില്‍ നിന്നും പെട്ടെന്ന് താരത്തെ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ഘടകവും ആരാധകരുടെ കണ്ണില്‍ പെട്ടിരുന്നു. ബൗള്‍ ചെയ്യാന്‍ വരുമ്പോഴുള്ള താരത്തിന്റെ റണ്‍ അപ്.
കാല്‍മുട്ട് അധികം മടക്കാതെ, അധികം വേഗത്തിലോടാതെ മിതത്വം പാലിച്ചുകൊണ്ടായിരുന്നു താരം പന്തെറിഞ്ഞത്. കയ്യില്‍ നിന്നും പന്ത് റിലീസ് ചെയ്യുമ്പോഴാകട്ടെ ജസ്പ്രീത് ബുംറയുടെ ആക്ഷനുമായുള്ള അതിഭയങ്കര സാമ്യവും.
മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ ഹംഗാര്‍ഗേക്കര്‍ 36 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. വൃദ്ധിമാന്‍ സാഹയെ പുറത്താക്കിയായിരുന്നു താരം തുടങ്ങിയത്. ടൈറ്റന്‍സ് സ്‌കോര്‍ 37ല്‍ നില്‍ക്കവെ ചെന്നൈക്ക് ബ്രേക് ത്രൂ നല്‍കുന്നതായിരുന്നു ആ വിക്കറ്റ്. ബൗണ്ടറി ലൈനിന് സമീപത്ത് ശിവം ദുബെയുടെ കൈകളിലെത്തിച്ചായിരുന്നു സാഹയെ ഹാംഗാര്‍ഗേക്കര്‍ മടക്കിയത്.
പിന്നാലെ ടൈറ്റന്‍സിന്റെ ഇംപാക്ട് പ്ലെയറായ സായ് സുദര്‍ശന്‍, സൂപ്പര്‍ താരം വിജയ് ശങ്കര്‍ എന്നിവരെയും ഹംഗാര്‍ഗാക്കര്‍ മടക്കി. മത്സരം തോറ്റെങ്കിലും ആരാധകര്‍ക്ക് ആശ്വസിക്കാനുള്ള വക താരം നല്‍കിയിരുന്നു.
ഏതായാലും ഹംഗാര്‍ഗേക്കറിനെ ചെന്നൈ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. താരത്തിന്റെ ബൗളിങ് ആക്ഷനെ കുറിച്ചും പേരിനെ കുറിച്ചും ആരാധകര്‍ സംസാരിക്കുന്നുണ്ട്. താറാവ് നടക്കുന്നത് പോലെയാണ് ഹംഗാര്‍ഗേക്കറിന്റെ റണ്‍ അപ്പെന്നും അവന്റെ പേര് പറയാന്‍തന്നെ പാടാണെന്നും ബുദ്ധിമുട്ടാണെന്നും ആരാധകര്‍ പറയുന്നുണ്ട്.
അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈയുടെ പരാജയം. സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 179 റണ്‍സിന്റെ വിജയലക്ഷ്യം ശുഭ്മന്‍ ഗില്ലിന്റെ അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ ടൈറ്റന്‍സ് മറികടക്കുകയായിരുന്നു. 36 പന്തില്‍ നിന്നും 63 റണ്‍സാണ് താരം നേടിയത്.
പരാജയത്തോടെ ക്യാമ്പെയ്ന്‍ ആരംഭിക്കേണ്ടി വന്നെങ്കിലും വരും മത്സരത്തില്‍ ധോണിയും പിള്ളേരും തിരിച്ചുവരുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ഏപ്രില്‍ മൂന്നിനാണ് സൂപ്പര്‍ കിങ്‌സിന്റെ അടുത്ത മത്സരം. ലഖ്‌നൗ ആണ് എതിരാളികള്‍.