| Wednesday, 22nd August 2018, 11:14 am

ഡാമുകള്‍ തുറന്നതില്‍ വീഴ്ച സംഭവിച്ചു; മുന്നറിയിപ്പ് ലഭിക്കുന്നതിന് മുമ്പ് റാന്നി മുങ്ങിയിരുന്നു: ഗുരുതര ആരോപണവുമായി രാജു എബ്രഹാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഡാമുകള്‍ തുറന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന ആരോപണവുമായി എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ രാജു എബ്രഹാം. ഡാമുകള്‍ തുറക്കുന്നതിന് മുമ്പ് കൃത്യമായ മുന്നറിയിപ്പ് നല്‍കുന്ന കാര്യത്തില്‍ വീഴ്ച വന്നുവെന്നാണ് രാജു എബ്രഹാമിന്റെ ആരോപണം. മുന്നറിയിപ്പ് ലഭിക്കുന്നതിനു മുമ്പു തന്നെ റാന്നി വെള്ളത്തില്‍ മുങ്ങിയിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ഡാമുകള്‍ തുറക്കുന്നതിനു മുമ്പ് കൃത്യമായ മുന്നറിയിപ്പു നല്‍കിയിരുന്നെന്നാണ് സജി ചെറിയാന്‍ എം.എല്‍.എ പറയുന്നത്.

എന്നാല്‍ ഡാം തുറന്നതില്‍ പാളിച്ചയുണ്ടായിട്ടില്ലെന്നാണ് ഡാം സേഫ്റ്റി ചെയര്‍മാന്റെ നിലപാട്. കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയശേഷമാണ് ഡാം തുറന്നത്. എല്ലാതരത്തിലുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. ഡാം നേരത്തെ തുറന്നിരുന്നെങ്കില്‍ നെടുമ്പാശേരി നേരത്തെ അടക്കേണ്ടിവരുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ആരോപണങ്ങളില്‍ കഴമ്പില്ലെന്ന നിലപാടാണ് കെ.എസ്.ഇ.ബിയും സ്വീകരിച്ചത്. മുന്നൊരുക്കളെല്ലാം നടത്തിയശേഷമാണ് ഡാം തുറക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള പറഞ്ഞു.

Also Read:വിദേശ രാജ്യങ്ങളില്‍ നിന്ന് ദുരിതാശ്വാസ സഹായം സ്വീകരിക്കാന്‍ വ്യവസ്ഥയില്ലെന്ന കേന്ദ്രത്തിന്റെ വാദം പച്ചക്കള്ളമെന്ന് രേഖകള്‍

ഏറ്റവും പേടിയോടെ കണ്ടത് ഇടുക്കിയേയും ഇടമലയാറിനേയുമാണ്. വ്യക്തമായ ധാരണയോടെ അലേര്‍ട്ട് ലെവലുകള്‍ ഫിക്‌സ് ചെയ്ത്, അക്കാര്യം ദുരന്ത നിവാരണ സേനയേയും ജില്ലാ ഭരണകൂടത്തെയും അറിയിച്ചശേഷമാണ് ഡാം തുറന്നത്. അതുകൊണ്ടാണ് ദുരന്തത്തിന്റെ ആഘാതം കുറക്കാനായതെന്നും അദ്ദേഹം പറഞ്ഞു.

ബാണാസുര അണക്കെട്ടു മുന്നറിയിപ്പില്ലാതെ തുറന്നുവെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. ബാണാസുരയുമായി ബന്ധപ്പെട്ട ആരോപണം സത്യത്തിന് നിരക്കാത്തതാണ്. ഇടുക്കി തുറക്കുന്നതിനു മുമ്പ് തന്നെ ബാണാസുര തുറന്നിരുന്നു. ജലനിരപ്പ് ഉയര്‍ന്ന സമയത്ത് തന്നെ ഇതുസംബന്ധിച്ച് അറിയിപ്പു കൊടുത്തിരുന്നു.

Also Read:യു.എ.ഇ, ഖത്തര്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളുടെ സഹായം കേരളത്തിന് നല്‍കേണ്ട: അതും തടഞ്ഞ് മോദി സര്‍ക്കാര്‍

മുന്നറിയിപ്പു നല്‍കിയില്ലെന്ന വയനാട് ജില്ലാ കലക്ടറുടെ ആരോപണം ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. കൃത്യമായ വിവരം നല്‍കിയിരുന്നുവെന്നതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

We use cookies to give you the best possible experience. Learn more