വരുന്നു, റെക്കോഡിടുന്നു, തകര്‍ക്കുന്നു റിപ്പീറ്റ്; ഒരു മയവുമില്ലാത്ത കളിയുമായി സഞ്ജുവും രാജസ്ഥാനും
IPL
വരുന്നു, റെക്കോഡിടുന്നു, തകര്‍ക്കുന്നു റിപ്പീറ്റ്; ഒരു മയവുമില്ലാത്ത കളിയുമായി സഞ്ജുവും രാജസ്ഥാനും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd April 2022, 10:26 pm

ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് അക്ഷരാര്‍ത്ഥത്തില്‍ ആറാടുകയാണ്. ഒരു മത്സരം കഴിഞ്ഞ് അടുത്ത മത്സരത്തിലേക്കെത്തുമ്പോള്‍ പുതിയതായി എന്ത് എന്ന ചോദ്യം സ്വയം ചോദിച്ചാണ് രാജസ്ഥാന്‍ കളത്തിലിങ്ങുന്നത്.

റെക്കോഡ് നേടിയും നേടിയ റെക്കോഡ് മറ്റാര്‍ക്കും കൊടുക്കാതെ സ്വയം തകര്‍ത്തുമാണ് രാജസ്ഥാന്‍ മുന്നേറുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരത്തിലായിരുന്നു രാജസ്ഥാന്‍ റെക്കോഡിട്ടത്.

ഈ സീസണിലെ ഏറ്റവുമുയര്‍ന്ന ടീം സ്‌കോറായിരുന്നു രാജസ്ഥാന്‍ പടുത്തുയര്‍ത്തിയത്. 20 ഓവറില്‍ 217 എന്ന റണ്‍മലയായിരുന്നു രാജസ്ഥാന്‍ കൊല്‍ക്കത്തയ്ക്ക് മുന്നില്‍ വെച്ചത്. എന്നാല്‍ ആ റണ്‍മല കടക്കാനാവാതെ കെ.കെ.ആര്‍ കാലിടറി വീഴുകയായിരുന്നു.

എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ തന്നെ ആ നേട്ടം പഴങ്കഥയായിക്കിയിരിക്കുകയാണ് രാജസ്ഥാന്‍. ഈ സീസണിലെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടല്‍ വീണ്ടും തങ്ങളുടെ പേരിലാക്കിയിരിക്കുകയാണ് പിങ്ക് സിറ്റി.

ദല്‍ഹി ക്യാപിറ്റല്‍സായിരുന്നു ഇത്തവണ രാജസ്ഥാന്‍ പടയുടെ ബാറ്റിന്റെ ചൂടറിഞ്ഞത്. ക്രീസിലെത്തിയ എല്ലാവരും മത്സരിച്ച് ആഞ്ഞടിച്ചപ്പോള്‍ നിശ്ചിത ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്.

എന്നത്തേയും പോലെ മികച്ച കൂട്ടുകെട്ടാണ് ഓപ്പണര്‍മാര്‍ പടുത്തുയര്‍ത്തിയത്. 155 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓപ്പണര്‍മാര്‍ ടീമിന് സമ്മാനിച്ചത്. ദേവ്ദത്ത് പടിക്കല്‍ 35 പന്തില്‍ 54 റണ്‍സടിച്ചപ്പോള്‍ 65 പന്തില്‍ നിന്നും 116 റണ്‍സാണ് ബട്‌ലര്‍ നേടിയത്.

മത്സരത്തിന് തൊട്ടുമുമ്പ് വരെ ടൂര്‍ണമെന്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ 103 ആയിരുന്നു. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് കഴിഞ്ഞതോടെ അത് 116 ആയി ഉയരുകയായിരുന്നു. രണ്ടും നേടിയതാകട്ടെ ജോസ് ബട്‌ലറും.

ദേവ്ദത്തിന് പിന്നാലെയെത്തിയ സഞ്ജുവും ഒട്ടും തന്നെ മേശമാക്കിയില്ല. 19 പന്തില്‍ 5 ഫോറും 3 സിക്‌സറും ഉള്‍പ്പടെ 242.11 സ്‌ട്രൈക്ക് റേറ്റില്‍ 46 റണ്‍സാണ് സഞ്ജു നേടിയത്. 20ാം ഓവറിലെ അവസാന പന്തില്‍ സിക്‌സറടിച്ചാണ് സഞ്ജു ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ദല്‍ഹിക്ക് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ പൃഥ്വി ഷായും വാര്‍ണറും പതിയ ദല്‍ഹി ഇന്നിംഗ്‌സിന് വേഗം കൂട്ടിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ രാജസ്ഥാന് അനിവാര്യമായ ബ്രേക്ക് ത്രൂ സമ്മാനിക്കുകയായിരുന്നു.

14 പന്തില്‍ നിന്നും 28 റണ്‍സടിച്ച വാര്‍ണറിനെ സഞ്ജുവിന്റെ കൈകളിലെത്തിച്ചാണ് പ്രസിദ്ധ് മടക്കിയത്. പിന്നാലെയെത്തിയ സര്‍ഫറാസും പെട്ടന്ന് തന്നെ അശ്വിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

നിലവില്‍ 9 ഓവര്‍ പിന്നിടുമ്പോള്‍ 95 റണ്‍സിന് 2 വിക്കറ്റ് എന്ന നിലയിലാണ് ദല്‍ഹി.

Content Highlight: Rajsthan Royals smashes highest team score in IPL 2022