ജോധ്പൂര്‍:ഹാദിയ കേസിന് സമാനമായ സംഭവത്തില്‍ പെണ്‍കുട്ടിയ്ക്ക് ഭര്‍ത്താവിനൊപ്പം പോകാന്‍ ഹൈക്കോടതിയുടെ അനുമതി. മുസ്‌ലീം യുവാവിനെ വിവാഹം കഴിച്ച ഹിന്ദു പെണ്‍കുട്ടിക്കാണ് ഭര്‍ത്താവിനൊപ്പം പോകാന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ചത്. രാജസ്ഥാന്‍ സര്‍ക്കാര്‍ പെണ്‍കുട്ടിയ്ക്കു വേണ്ട സുരക്ഷയൊരുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
ജോധ്പൂരിലെ 22 കാരിയായ പായല്‍ സാംഗ്‌വി എന്ന യുവതിക്കാണ് ഭര്‍ത്താവായ മുഹമ്മദ് ഫായിസിനൊപ്പം പോകാന്‍ കോടതി അനുമതി നല്‍കിയത്. പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായതാണെന്നും അവര്‍ക്ക് എവിടെ പോകണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഫായിസ് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയെന്നു കാണിച്ച് പായലിന്റെ രക്ഷിതാക്കളാണ് കോടതിയെ സമീപിച്ചത്. ഇരുവരുടെയും വിവാഹ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.
കോളേജിലേക്ക് പോകും വഴി സഹോദരിയെ തട്ടിക്കൊണ്ടുപോയെന്നും അപമാനിക്കാന്‍ ശ്രമിച്ചെന്നും പായലിന്റെ സഹോദരനും കോടതിയില്‍ മൊഴി നല്‍കി. ഫായിസ് നിര്‍ബന്ധിപ്പിച്ച് ഒപ്പിടുവിച്ച പേപ്പറുകളുടെ അടിസ്ഥാനത്തിലാണ് വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കുന്നതെന്നും പായലിന്റെ സഹോദരന്‍ വാദിച്ചു.
സംഭവം ലൗ ജിഹാദാണെന്നായിരുന്നു പായലിന്റെ രക്ഷിതാക്കളുടെ വക്കീലായ ഗോകുലേഷ് ബോഹ്‌റയുടെ വാദം. ഹിന്ദു സ്ത്രീകളെ മുസ്‌ലീം യുവാക്കള്‍ പ്രലോഭിപ്പിച്ച മതപരിവര്‍ത്തനം ചെയ്യുന്നുണ്ടെന്ന സംഘപരിവാര്‍ പ്രചരണം കൂട്ടിപ്പിടിച്ചായിരുന്നു ഗോകുലേഷിന്റെ വാദം.
അതേസമയം ഫായിസും പായലും ബാല്യകാല സുഹൃത്തുക്കളായിരുന്നെന്ന് പായലിന്റെ വീട്ടുകാര്‍ സമ്മതിച്ചു. പായലിനെ നിര്‍ബന്ധിപ്പിച്ച് മതപരിവര്‍ത്തനം നടത്തിയെന്നത് ശുദ്ധ അസംബന്ധമാണെന്ന് ഫായിസിന്റെ പിതാവ് പ്രതികരിച്ചു.
” ഇത് ലൗ ജിഹാദല്ല. കുട്ടികള്‍ തമ്മില്‍ കഴിഞ്ഞ പത്തുവര്‍ഷമായി പരിചയത്തിലാണ്. ഇത് രണ്ടുപേരുടേയും കുടുംബങ്ങള്‍ക്കും അറിയാവുന്ന കാര്യമാണ്. ”
കഴിഞ്ഞ ബുധനാഴ്ചയാണ് കോടതിയില്‍ ഹാജരായ പായല്‍ തന്നെ ഫായിസ് വിവാഹം കഴിച്ചിട്ടുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹമെന്നും വ്യക്തമാക്കിയത്.