അടുത്ത വര്‍ഷം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം; ഫാന്‍സ് അസോസിയേഷന്‍ രാഷ്ട്രീയ പാര്‍ട്ടി ആകും
India
അടുത്ത വര്‍ഷം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം; ഫാന്‍സ് അസോസിയേഷന്‍ രാഷ്ട്രീയ പാര്‍ട്ടി ആകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th November 2019, 6:01 pm

ന്യൂദല്‍ഹി: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് അടുത്ത വര്‍ഷം മധ്യത്തോടെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് സൂചനകള്‍. 2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി അദ്ദേഹം തന്റെ രാഷ്ട്രീയ അജണ്ട രൂപപ്പെടുത്തും.

രജനികാന്തിന്റെ ഫാന്‍സ് അസോസിയേഷനായ രജനി മക്കള്‍ മന്‍ട്രം അടുത്ത വര്‍ഷം ആഗ്‌സ്റ്റ്- സെപ്റ്റംബര്‍ മാസത്തോടെ പുതിയ പേരില്‍ രാഷ്ട്രീയപാര്‍ട്ടി ആകുമെന്നാണ് രജനികാന്തുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡി.എം.കെ പ്രസിഡന്റ് എം. കരുണാനിധിയുടെയും എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ജെ. ജയലതയുടെയും മരണം ഉണ്ടാക്കിയ വിടവിലാണ് രജനികാന്ത് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത് . ഇതിനെക്കുറിച്ച അദ്ദേഹം നേരത്തെ സൂചിപ്പിരുന്നു.

” തീര്‍ച്ചയായും രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കും. അതില്‍ ഒരു സംശയവുമില്ല. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി അദ്ദേഹം സഖ്യത്തിന് നേതൃത്വം നല്‍കും, ”എഴുത്തുകാരന്‍ തമിഴരുവി മണിയന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തിരുവള്ളുവറിന്റെ പ്രതിമയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് തന്നെ ‘കാവിവല്‍ക്കരിക്കാന്‍ ‘ വരയ്ക്കാന്‍ ശ്രമം നടക്കുന്നതായി പ്രശസ്ത തമിഴ് രജനികാന്ത് പറഞ്ഞിരുന്നു.

‘തിരുവള്ളുവറിനെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതുപോലെത്തന്നെ എന്നെയും കാവിവല്‍ക്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. തിരുവള്ളുവറും ഞാനും ഈ വിവാദത്തില്‍ അകപ്പെടില്ല,’ എന്നായിരുന്നു സംഭവത്തില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.

രാഷ്ട്രീയ തന്ത്രങ്ങള്‍ തയ്യാറാക്കാന്‍ രണ്ട് ബി.ജെ.പി നേതാക്കളുമായി രജനികാന്ത് ബന്ധപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

രജനി മക്കള്‍ മന്‍ട്രത്തിന്റെ ഒരു യോഗത്തില്‍ ‘തലൈവറെ’ തമിഴ്‌നാട് മുഖ്യമന്ത്രി ആക്കണമെന്ന്
പ്രതിജ്ഞയെടുത്ത് പ്രമേയം പാസ്സാക്കിയിരുന്നു.

‘ദര്‍ബാര്‍’ ഉള്‍പ്പെടെ മൂന്ന് ചിത്രങ്ങളാണ് രജനീകാന്തിന്റെതായി വരാനിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ രാഷ്ട്രീയ സന്ദേശവുമായിട്ടാവും മൂന്നാമത്തെ ചിത്രം വരിക എന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.