ചെന്നൈ: വിജയ് ചിത്രം മെരസലിന് പിന്തുണയുമായി രജനീകാന്ത്. ചിത്രത്തിനെതിരെ ബി.ജെ.പി നേതൃത്വം തിരിഞ്ഞിരിക്കെയാണ് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് സിനിമക്ക് പിന്തുണയുമായി വന്നിരിക്കുന്നത് .തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് താരത്തിന്റെ പ്രതികരണം.
പ്രാധന്യമുള്ള വിഷയം കൈകാര്യം ചെയ്തിരിക്കുന്നു.. മെരസലിന്റെ ടീമിന് അഭിനന്ദനം എന്നാണ് താരത്തിന്റെ ട്വീറ്റ്. ബി.ജെ.പി നേതാക്കള്‍ ചിത്രത്തിനെതിരെ രംഗത്ത് വന്ന സാഹചര്യത്തില്‍ തമിഴ് സിനിമാ ലോകം ഒന്നടങ്കം സിനിമക്ക് പിന്തുണയുമായി വന്നിരുന്നു.
കമല്‍ഹാസന്‍ നേരത്തെ ചിത്രത്തിനു പിന്തുണയുമായെത്തിയിരുന്നു. എന്നാല്‍ സ്റ്റൈല്‍മന്നന്‍ രജനീകാന്ത് ഇതുവരെയും അഭിപ്രായം പ്രകടിപ്പിച്ചിരുന്നില്ല.
രാഷ്ട്രീയത്തിലേക്ക് ചേക്കാറാനുള്ള തീരുമാനം വന്നതിനുശേഷം തമിഴ് രാഷ്ട്രീയ ലോകം രജനിയുടെ നിലപാടുകളെ ശ്രദ്ധാപൂര്‍വ്വമാണ് വീക്ഷിക്കുന്നത്. സിനിമയില്‍ ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരായ വിമര്‍ശനം ഉണ്ടെന്നു പറഞ്ഞാണ് മെരസലിനെതിരെ നേതാക്കള്‍ രംഗത്തെത്തിയത്.
കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ, നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങിയ പദ്ധതികളെ ചിത്രത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ഗോരഖ്പൂര്‍ ആശുപത്രിയിലെ സംഭവവും ചിത്രത്തില്‍ പ്രതിപാദിക്കുന്നു. ഇതാണ് ബി.ജെ.പി നേതാക്കളെ ചൊടിപ്പിച്ചത്.
ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററിലെത്തിയത്. അറ്റ്‌ലീ സംവിധാനം ചെയ്ത സിനിമയില്‍ സാമന്തയും കാജള്‍ അഗര്‍വാളുമാണ് നായികമാര്‍. വിജയേന്ദ്ര പ്രസാദും അറ്റ്‌ലീയും രമണ ശ്രീവാസനുമാണ് തിരക്കഥ.
Important topic addressed… Well done !!! Congratulations team #Mersal
— Rajinikanth (@superstarrajini) October 22, 2017