| Monday, 7th October 2024, 1:50 pm

ആ രണ്ട് സിനിമകളിലും ഫഹദിന്റെ വില്ലനിസം കണ്ട് ഞാന്‍ അമ്പരന്നുപോയി: രജിനികാന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് രജിനികാന്ത് നായകനാകുന്ന വേട്ടയ്യന്‍. ചിത്രത്തില്‍ ഫഹദ് ഫാസിലും പ്രധാനവേഷത്തിലെത്തുന്നുണ്ട്. പാട്രിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് വേട്ടയ്യനില്‍ അവതരിപ്പിക്കുന്നത്. ഇതുവരെ കാണാത്ത തരത്തിലുള്ള കഥാപാത്രമാണ് ഫഹദിന്റേതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ രജിനികാന്ത് ഫഹദിനെപ്പറ്റി സംസാരിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

ഓരോ തവണ ഫഹദിനെപ്പറ്റി പറയുമ്പോഴും കാണികള്‍ കരഘോഷമുയര്‍ത്തുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഒട്ടും പിടിതരാത്ത കഥാപാത്രമായിട്ടാണ് പാട്രിക്കിനെപ്പറ്റി തോന്നിയതെന്ന് രജിനികാന്ത് പറഞ്ഞു. ആ കഥാപാത്രം ആര് ചെയ്യുമെന്ന് സംവിധായകനോട് ചോദിച്ചപ്പോള്‍ ഫഹദല്ലാതെ വേറൊരു നടന്‍ ആ ക്യാരക്ടര്‍ ചെയ്യാനില്ലെന്നും അയാളെക്കൊണ്ട് എങ്ങനെയെങ്കിലും അഭിനയിപ്പിക്കുമെന്ന് ജ്ഞാനവേല്‍ പറഞ്ഞെന്നും രജിനി കൂട്ടിച്ചേര്‍ത്തു.

ഫഹദിനെക്കൊണ്ട് ഈ ക്യാരക്ടര്‍ ചെയ്യാനാകുമോ എന്ന് താന്‍ ചിന്തിച്ചെന്നും ഫഹദിനെപ്പറ്റി അറിയാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് സംവിധായകന്‍ തന്നോട് പറഞ്ഞെന്നും രജിനി പറഞ്ഞു. വിക്രം, മാമന്നന്‍ എന്നീ സിനിമകളില്‍ മാത്രമേ താന്‍ ഫഹദിനെക്കണ്ടിട്ടുള്ളൂവെന്നും ആ സിനിമകളിലെ പെര്‍ഫോമന്‍സ് കണ്ട് താന്‍ അമ്പരന്നെന്നും രജിനി കൂട്ടിച്ചേര്‍ത്തു. അയാളുടെ കൂടെ അഭിനയിച്ചപ്പോള്‍ ഫഹദിനെപ്പോലൊരു നാച്ചുറല്‍ ആക്ടര്‍ വേറെയില്ലെന്ന് തോന്നിയെന്നും രജിനി പറഞ്ഞു.

‘ഈ പടത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഒരു കഥാപാത്രം മാത്രം പിടിതരാത്തതായി തോന്നി. ഒരേസമയം എന്റര്‍ടൈനിങ്ങും അതുപോലെ മിസ്റ്റീരിയസുമായ ക്യാരക്ടര്‍. ഇതാര് ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ ജ്ഞാനവേല്‍ ഫഹദിന്റെ പേരാണ് പറഞ്ഞത്. അയാളെക്കൊണ്ട് ഇത് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ ‘ഫഹദിനെക്കൊണ്ട് എങ്ങനെയെങ്കിലും ഇത് ചെയ്യിക്കും’ എന്ന് മറുപടി നല്‍കി. അത്ര വലിയ നടനാണ് ഫഹദെന്ന് എനിക്ക് അപ്പോള്‍ എനിക്ക് മനസിലായില്ല.

ഞാന്‍ അയാളുടെ രണ്ട് സിനിമകള്‍ മാത്രമേ കണ്ടിട്ടുള്ളൂ. വിക്രം, മാമന്നന്‍, ഈ രണ്ട് പടത്തിലെയും പെര്‍ഫോമന്‍സ് കണ്ട് അമ്പരന്നിട്ടുണ്ട്. ഈ സിനിമയില്‍ കൂടെ അഭിനയിച്ചപ്പോഴാണ് അയാളുടെ റേഞ്ച് മനസിലായത്. ഫഹദിനെപ്പോലൊരു നാച്ചുറല്‍ ആക്ടര്‍ ഇന്ത്യയില്‍ വേറെ കാണില്ല. ഷോട്ടെടുക്കുന്നതിന് മുമ്പ് കാരവനിലൊന്നും ഫഹദിനെ കാണില്ല. ഷോട്ട് റെഡി എന്ന് പറയുമ്പോള്‍ എവിടുന്നോ വന്ന് ഷോട്ട് എടുത്തിട്ട് വീണ്ടും പോകും. എന്തൊരു നടനാണ് അയാള്‍,’ രജിനികാന്ത് പറഞ്ഞു.

Content Highlight: Rajnikanth shares the shooing experience with Fahadh Faasil in Vettaiyan movie

We use cookies to give you the best possible experience. Learn more