| Friday, 11th October 2024, 1:58 pm

എന്നെക്കാള്‍ പരിഗണന കമല്‍ ഹാസന്റെ സിനിമക്ക് വേണ്ടി, ആ ചിത്രത്തില്‍ നിന്ന് പിന്മാറിയാലോ എന്ന് വരെ ആലോചിച്ചു: രജിനികാന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ സ്‌റ്റൈല്‍ മന്നനാണ് രജിനികാന്ത്. വില്ലനായി അരങ്ങേറിയ രജിനി പിന്നീട് നായകവേഷത്തിലേക്ക് ചുവടുമാറുകയും കണ്ണടച്ചുതുറക്കുന്ന വേഗതയില്‍ തമിഴ് പ്രേക്ഷകരുടെ സൂപ്പര്‍സ്റ്റാറായി മാറിയതും പലരും അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. സൂപ്പര്‍സ്റ്റാര്‍ രജിനി എന്ന് ഓരോ തവണ സ്‌ക്രീനില്‍ എഴുതിക്കാണിക്കോമ്പോഴും ആരാധകര്‍ ആവേശത്തില്‍ ആറാടി. 1979ല്‍ റിലീസായ ‘ആറിലിരുന്ത് അറുപത് വരൈ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് രജിനികാന്ത്.

പഞ്ചു അരുണാചലം നിര്‍മിച്ച ചിത്രത്തിന്റെ ഷൂട്ട് എ.വി.എം സ്റ്റുഡിയോയിലായിരുന്നുവെന്ന് രജിനി പറഞ്ഞു. കമല്‍ ഹാസനെ നായകനാക്കി കല്യാണരാമന്‍ എന്ന ചിത്രവും പഞ്ചു അരുണാചലം നിര്‍മിക്കുകയായിരുന്നെന്നും കമലിന്റെ നായികയായി ശ്രീദേവിയായിരുന്നുവെന്നും രജിനി കൂട്ടിച്ചേര്‍ത്തു. കല്യാണരാമന്റെ ഷൂട്ട് ഭൂരിഭാഗവും ഔട്ട്‌ഡോറായിരുന്നുവെന്നും തന്റെ ചിത്രത്തിന്റെ ഷൂട്ട് എ.വി.എമ്മിലെ ഒരു ഫ്‌ളോറിലായിരുന്നുവെന്നും രജിനി പറഞ്ഞു.

കല്യാണരാമന്റെ കാസ്റ്റും ക്രൂവുമെല്ലാം വളരെ പ്രശസ്തരായ ആളുകളെക്കൊണ്ട് നിറഞ്ഞതായിരുന്നുവെന്നും തന്റെ സിനിമയില്‍ കൂടുതലും നാടക ആര്‍ട്ടിസ്റ്റുകളായിരുന്നുവെന്നും രജിനി കൂട്ടിച്ചേര്‍ത്തു. തന്റെ സിനിമയെ വേണ്ടത്ര പരിഗണിക്കുന്നില്ല എന്ന് തോന്നിയെന്നും ആ സിനിമയില്‍ നിന്ന് പിന്മാറിയാലോ എന്നുവരെ ആലോചിച്ചെന്നും രജിനി പറഞ്ഞു.

എന്നാല്‍ ചിത്രം റിലീസായ ശേഷം വലിയ ഹിറ്റായെന്നും ഇന്നും ആ സിനിമയെപ്പറ്റി പലരും സംസാരിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും രജിനി കൂട്ടിച്ചേര്‍ത്തു. വേട്ടൈയന്റെ ഓഡിയോ ലോഞ്ചിലാണ് രജിനി ഇക്കാര്യം പറഞ്ഞത്.

‘നായകനായി കരിയര്‍ തുടങ്ങി നില്‍ക്കുന്ന സമയം, പഞ്ചു അരുണാചലം സാര്‍ എന്നെ നായകനാക്കി ഒരു സിനിമ ചെയ്യുന്നു. അതേസമയം കമലിനെ നായകനാക്കി വേറൊരു സിനിമയും അദ്ദേഹം ചെയ്യുന്നുണ്ടായിരുന്നു. ആദ്യമൊന്നും എനിക്ക് കുഴപ്പം തോന്നിയില്ല, പക്ഷേ രണ്ടുമൂന്ന് ദിവസം കഴിഞ്ഞ് നോക്കുമ്പോള്‍ കമലിന്റെ സിനിമക്ക് എന്റെ സിനിമയെക്കാള്‍ കൂടുതല്‍ സൗകര്യം. ശ്രീദേവിയും കമലും കൂടുതലും ഔട്ട്‌ഡോര്‍ സീനില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് എ.വി.എം സ്റ്റുഡിയോയില്‍ ഒരു ഫ്‌ളോര്‍ സിനിമ ചെയ്യാന്‍ വേണ്ടി തന്നു.

ആ പടത്തില്‍ കൂടുതലും വലിയ ആര്‍ട്ടിസ്റ്റുകളും എനിക്ക് കിട്ടിയത് കുറച്ച് ഡ്രാമാ ആര്‍ട്ടിസ്റ്റുകളും. അവര്‍ക്ക് പളപളാ മിന്നുന്ന ഡ്രസ്സും എനിക്ക് ഒരു മുണ്ടും ഷര്‍ട്ടും. നമ്മളെ തീരെ ഗൗനിക്കുന്നില്ല എന്ന ചിന്ത ഉള്ളില്‍ വന്നു. ആ സിനിമയില്‍ നിന്ന് പിന്മാറിയാലോ എന്നുവരെ ആലോചിച്ചു. പക്ഷേ എങ്ങനെയോ ചെയ്ത് തീര്‍ത്തു. ആ ചിത്രമാണ് ‘ആറിലിരുന്ത് അറുപത് വരൈ’ ഇന്നും പലരും ആ സിനിമയെപ്പറ്റി സംസാരിക്കുമ്പോള് സന്തോഷമാണ് തോന്നാറ്,’ രജിനി പറഞ്ഞു.

Content Highlight: Rajnikanth shares his old memories

We use cookies to give you the best possible experience. Learn more