|

ഇനി തമിഴക രാഷ്ട്രീയത്തില്‍ രജനി-കമല്‍ സഖ്യം? നിലപാട് വ്യക്തമാക്കി രജനീകാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കമല്‍ഹാസനുമായി രാഷ്ട്രീയത്തില്‍ സഖ്യമുണ്ടാക്കുമെന്ന സൂചന നല്‍കി രജനീകാന്ത്. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായാണു ഭാവിയില്‍ താന്‍ സഖ്യമുണ്ടാക്കുമെന്നു രജനീകാന്ത് സൂചന നല്‍കിയിരിക്കുന്നത്. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്കു വേണ്ടി അങ്ങനെയൊരു സാഹചര്യം വന്നാല്‍ ഞങ്ങള്‍ ഉറപ്പായും സഖ്യത്തിലെത്തുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ’44 വര്‍ഷമായി ഞങ്ങള്‍ സൗഹൃദത്തിലാണ്. തമിഴ്‌നാടിന്റെ വികസനത്തിനായി ഞങ്ങള്‍ ഒരുമിക്കണമെങ്കില്‍ അതുണ്ടാകും.’- രജനീകാന്ത് പറഞ്ഞു.

അടുത്തവര്‍ഷം മധ്യത്തോടെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് രജനീകാന്ത് നേരത്തേ സൂചന നല്‍കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രജനീകാന്തിന്റെ ഫാന്‍സ് അസോസിയേഷനായ രജനി മക്കള്‍ മന്‍ട്രം അടുത്ത വര്‍ഷം ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തോടെ പുതിയ പേരില്‍ രാഷ്ട്രീയപാര്‍ട്ടി ആകുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡി.എം.കെ നേതാവ് എം. കരുണാനിധിയുടെയും എ.ഐ.എ.ഡി.എം.കെ നേതാവ് ജെ. ജയലതയുടെയും മരണം ഉണ്ടാക്കിയ വിടവിലാണ് രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ ഇന്നലെ കമല്‍ഹാസന്‍ സന്ദര്‍ശിച്ചിരുന്നു. ഭുവനേശ്വറിലെത്തിയാണ് കമല്‍ നവീന്‍ പട്നായികിനെ കണ്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പുതിയ രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങുന്ന കമല്‍ഹാസന്റെ ഒഡീഷ സന്ദര്‍ശനം രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. ബി.ജെ.പിയുമായുള്ള ബന്ധം പട്‌നായിക്കിന്റെ ബിജു ജനതാദള്‍ അവസാനിപ്പിച്ചിരുന്നു. അതേ സമയം യു.പി.എ മുന്നണിയോടൊപ്പവും ചേര്‍ന്നിട്ടില്ല.

പട്‌നായിക്കിനെപ്പോലെ ഒരു മുന്നണികളിലും ഭാഗമല്ലാത്ത കക്ഷികളുമായി സഖ്യമുണ്ടാക്കാന്‍ കമല്‍ഹാസന്‍ ശ്രമിക്കുന്നുണ്ട്. ആ ശ്രമത്തിന്റെ ഭാഗമായാണോ ഒഡീഷ സന്ദര്‍ശനം എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.