|

കങ്കുവ കണ്ടപ്പോള്‍ തന്നെ അത് എനിക്ക് വേണ്ടി ആലോചിച്ച കഥയാണെന്ന് ഉറപ്പായി: രജിനികാന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കങ്കുവ എന്ന സിനിമ തനിക്ക് വേണ്ടി ആലോചിച്ച കഥയാണെന്ന് സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത്. അണ്ണാത്തെയുടെ സമയത്ത് താന്‍ ശിവയോട് ഒരു പീരിയഡ് സബ്ജക്ട് ഒരുക്കാമോ എന്ന് ചോദിച്ചിരുന്നെന്ന് രജിനികാന്ത് പറഞ്ഞു. നോക്കാമെന്ന് ശിവ തനിക്ക് ഉറപ്പ് നല്‍കിയെന്നും പിന്നീട് ആ കഥയാണ് ശിവ സൂര്യയെ വെച്ച് കങ്കുവ എന്ന പേരില്‍ ഒരുക്കിയതെന്നും രജിനികാന്ത് കൂട്ടിച്ചേര്‍ത്തു.

കങ്കുവയുടെ നിര്‍മാതാവ് ജ്ഞാനവേല്‍ രാജക്ക് വേണ്ടി ഒരു സിനിമ ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ ശിവ കങ്കുവയുടെ കഥ അവരോട് പറഞ്ഞുകൊടുത്തതാകാമെന്നും അത് സൂര്യയെ വെച്ച് ചെയ്തതാകാമെന്നും രജിനികാന്ത് പറഞ്ഞു. ചിത്രത്തിന്റെ ട്രെയ്‌ലറും മറ്റുകാര്യങ്ങളും കണ്ടപ്പോള്‍ ഇത് തനിക്ക് വേണ്ടി ചെയ്യാനുദ്ദേശിച്ച കഥയാണെന്ന് വളരെ പെട്ടെന്ന് മനസിലായെന്നും രജിനികാന്ത് കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന് ആശംസ നേര്‍ന്നുകൊണ്ടുള്ള വീഡിയോയിലാണ് രജിനികാന്ത് ഇക്കാര്യം പറഞ്ഞത്.

‘അണ്ണാത്തെയുടെ സമയത്ത് ഞാന്‍ ശിവയോട് ഒരു കാര്യം ചോദിച്ചിരുന്നു. നിങ്ങള്‍ക്ക് ഈ സാധാരണ സിനിമകള്‍ വിട്ട് ഒരു പീരിയഡ് സിനിമ ചെയ്തുകൂടെ, എനിക്ക് അങ്ങനെയൊരു സിനിമ ചെയ്യാന്‍ തോന്നുന്നു എന്നായിരുന്നു പറഞ്ഞത്. ‘നോക്കിക്കൊണ്ടിരിക്കുകയാണ്’ എന്ന് ശിവ മറുപടി നല്‍കി. എനിക്ക് വേണ്ടിയാണ് ശിവ ഈ കഥ എഴുതിത്തുടങ്ങിയത്.

കാരണം, ഈ സിനിമയുടെ ട്രെയ്‌ലറും ബാക്കി കാര്യങ്ങളും കണ്ടു, അതും കഴിഞ്ഞ് സിനിമ കണ്ടപ്പോള്‍ എനിക്ക് മനസിലായി. അന്ന് എനിക്ക് വേണ്ടി എഴുതിവെച്ച കഥയാണ് ഇതെന്ന്. എനിക്ക് തോന്നുന്നത്, ഈ കഥ പൂര്‍ത്തിയായ ശേഷം ജ്ഞാനവേല്‍ രാജ ശിവയോട് സൂര്യയെ വെച്ച് ചെയ്യാന്‍ കഥയുണ്ടാകുമോ എന്ന് ചോദിച്ചുകാണണം. അങ്ങനെയാകും ഈ കഥയിലേക്ക് സൂര്യ എത്തിയിട്ടുണ്ടാവുക. പടം കണ്ടപ്പോഴേ എനിക്ക് ഇക്കാര്യം മനസിലായി,’ രജിനികാന്ത് പറയുന്നു.

250 കോടി ബജറ്റില്‍ പാന്‍ ഇന്ത്യനായാണ് കങ്കുവ ഒരുങ്ങിയത്. ബോബി ഡിയോള്‍, ദിശാ പഠാനി, യോഗി ബാബു, നട്ടി തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു. എന്നാല്‍ ആദ്യ ഷോ കഴിഞ്ഞതുമുതല്‍ ചിത്രത്തിന് മോശം പ്രതീകരണമാണ് ലഭിച്ചത്. മോശം സൗണ്ട് ഡിസൈനും കെട്ടുറപ്പില്ലാത്ത തിരക്കഥയുമാണ് ചിത്രത്തിന്റെ പരാജയകാരണമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

Content Highlight: Rajnikanth saying Kanguva was initially planned for him