| Tuesday, 23rd April 2024, 5:16 pm

വിക്രമിനെ തിരിച്ചു കൊണ്ടുവന്നതു പോലെ രംഗയെയും ലോകി കൊണ്ടുവരുമോ? പ്രതീക്ഷയോടെ ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് കിട്ടുന്ന സൂപ്പര്‍ സ്റ്റാറുകളുടെ വിന്റേജ് ഹിറ്റിനെ റീക്രിയേറ്റ് ചെയ്യുന്നതില്‍ പുലിയാണ് ലോകേഷ് കനകരാജ്. മാസ്റ്ററില്‍ വിജയ്‌യുടെ ഗില്ലിയിലെ കബഡി സോങ് റീക്രിയേറ്റ് ചെയ്തതും, വിക്രത്തിലൂടെ കമല്‍ ഹാസന്റെ ഏജന്റ് വിക്രമിനെ തിരികെ കൊണ്ടു വന്നതുമെല്ലാം ഇതിനുദാഹരണങ്ങളാണ്.

രജിനിയുമായി ലോകി ഒന്നിക്കുമ്പോള്‍ എന്ത് സര്‍പ്രൈസാണ് ഒരുക്കി വെച്ചതെന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. അതിനുള്ള ഉത്തരമായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടൈറ്റില്‍ ടീസര്‍. രജിനിയുടെ ഹിറ്റ് ചിത്രമായ രംഗയിലെ പ്രശസ്തമായ ഡയലോഗിലൂടെയായിരുന്നു കൂലിയുടെ ടൈറ്റില്‍ ടീസറില്‍ ലോകേഷ് രജിനിയെ അവതരിപ്പിച്ചത്.

ത്രസിപ്പിക്കുന്ന സീനുകള്‍ക്ക് അകമ്പടിയായി അനിരുദ്ധിന്റെ സംഗീതം കൂടി ചേര്‍ന്നതോടെ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക ലോകിയും കൂട്ടരും നല്‍കി.

‘അപ്പാവും താത്താവും വന്താര്‍കള്‍ പോണാര്‍കള്‍’ എന്നു തുടങ്ങുന്ന പ്രശസ്ത ഡയലോഗ് കൂലിയുടെ ടൈറ്റില്‍ ടീസറിലൂടെ രജിനിയെക്കൊണ്ട് വീണ്ടും ലോകേഷ് പറയിപ്പിച്ചു. തലൈവരുടെ സ്വതസിദ്ധമായ ഡയലോഗ് ഡെലിവറിയിലൂടെ വീണ്ടും ആ വാക്കുകള്‍ കേട്ടതിന്റെ ത്രില്ലിലാണ് ആരാധകര്‍. കൂലിയിലൂടെ രംഗയെ ലോകി തിരിച്ചെത്തിക്കുമോ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ലിയോ എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ലോകേഷ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് കൂലി. രജിനിയുടെ 171ാമത് ചിത്രമാണ് ഇത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ചിത്രം അനൗണ്‍സ്‌മെന്റിന്റെ സമയത്ത് തന്നെ ചര്‍ച്ചയായിരുന്നു. ലോകേഷിന്റെ എല്‍.സി.യുവില്‍ പെടുന്ന സിനിമയാണോ എന്ന അഭ്യൂഹങ്ങള്‍ ആദ്യം മുതല്‍ക്കേ ഉണ്ടായിരുന്നുവെങ്കിലും ഇതൊരു സ്റ്റാന്‍ഡ് അലോണ്‍ സിനിമയായിരിക്കുമെന്ന് ലോകേഷ് വ്യക്തമാക്കി.

Content Highlight: Rajnikanth’s dialogue in Ranga going viral after Coolie title teaser

We use cookies to give you the best possible experience. Learn more