| Tuesday, 18th June 2024, 11:35 am

നൂറ്റാണ്ടിലെ കണ്ടിരിക്കേണ്ട 25 സിനിമകള്‍ തെരഞ്ഞെടുത്ത് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ലിസ്റ്റിലെ ഒരേയൊരു ഇന്ത്യന്‍ സിനിമയായി രജിനികാന്ത് ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച 25 സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്. വിവിധ ഭാഷകളില്‍ നിന്നുള്ള 25 സിനിമകളാണ് ബി.എഫ്.ഐ തെരഞ്ഞെടുത്തത്. ലിസ്റ്റിലുള്ള ഒരേയൊരു ഇന്ത്യന്‍ ചിത്രം രജിനികാന്തിന്റെ കാലയാണ്. 2018ല്‍ പാ. രഞ്ജിത്തിന്റെ സംവിധാനത്തില്‍ റിലീസായ സിനിമയാണ് കാല. ടൈറ്റില്‍ കഥാപാത്രമായ കാലാ കരികാലനായി ഗംഭീര പ്രകടനമാണ് സൂപ്പര്‍സ്റ്റാര്‍ കാഴ്ച വെച്ചത്.

ഇന്ത്യയിലെ മറ്റൊരു സിനിമക്കും കിട്ടാത്ത നേട്ടമാണ് തമിഴ് ഇന്‍ഡസ്ട്രി സ്വന്തമാക്കിയിരിക്കുന്നത്. കൊറിയന്‍ ക്ലാസിക് ചിത്രം ഓള്‍ഡ് ബോയ്, ഹോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളായ ഹിസ്റ്ററി ഓഫ് വയലന്‍സ്, ഗെറ്റ് ഔട്ട്, റെസ്യുറെക്ഷന്‍ എന്നിവയാണ് ലിസ്റ്റിലെ മറ്റ് പ്രധാന സിനിമകള്‍. സിനിമാ വെബ്‌സൈറ്റായ ലെറ്റര്‍ബോക്‌സുമായി ചേര്‍ന്നാണ് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുപ്പ് നടത്തിയത്.

തന്റെ സിനിമകളിലൂടെ ദളിത് രാഷ്ട്രീയം ഉറക്കെ സംസാരിക്കുന്ന പാ. രഞ്ജിത്തുമായി രജിനികാന്ത് രണ്ടാമത് ചെയ്ത സിനിമയാണ് കാലാ. ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടര്‍ബാര്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മിച്ചത്. ധാരാവിയിലെ ഗ്യാങ്‌സ്റ്ററായ കാല കരികാലന്‍ ഗവണ്മെന്റിന്റെ നയങ്ങള്‍ക്കെതിരെ നടത്തുന്ന പോരാട്ടമാണ് കാലായുടെ കഥ. ബോളിവുഡ് സൂപ്പര്‍താരമായ നാനാ പടേക്കറാണ് രജിനിയുടെ വില്ലനായി എത്തിയത്.

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പില്‍ വന്ന കബാലിക്ക് ശേശം പാ. രഞ്ജിത്- രജിനി കോംബോ ഒന്നിച്ച കാലാ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. എങ്കിലും കാലങ്ങള്‍ക്ക് ശേഷം രജിനികാന്ത് എന്ന നടനെ അടയാളപ്പെടുത്തിയ സിനിമകളിലൊന്നാണ് കാലാ എന്ന് നിരൂപകര്‍ അഭിപ്രായപ്പെട്ടിരുന്നു.

Content Highlight: Rajnikanth film Kaala includes  in best 25 films of this century by British Film Institute

We use cookies to give you the best possible experience. Learn more