| Saturday, 27th January 2024, 8:36 am

വിജയ് എന്റെ കണ്‍മുന്നില്‍ വളര്‍ന്ന കുട്ടിയാണ്, വിജയ്‌യെ ഉദ്ദേശിച്ചായിരുന്നില്ല ഞാന്‍ പ്രസംഗിച്ചത്, വെളിപ്പെടുത്തി രജിനികാന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ കുറച്ചു കാലങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ജയിലര്‍ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ രജിനികാന്ത് നടത്തിയ പ്രസംഗം. എല്ലാ തവണയും ചെയ്യുന്ന പോലെ പ്രസംഗത്തിന്റെ ഇടയില്‍ രജിനി പറഞ്ഞ കുട്ടിക്കഥ ആരാധകര്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്തിരുന്നു.

‘ഒരു കാക്ക, പരുന്ത് ഉയരെ പറക്കുന്നത് കണ്ട് അസൂയപ്പെടും, പരുന്തിന്റെ അടുത്തേക്ക് പറന്ന് അതിനെ കൊത്തും, പരുന്ത് കുറച്ചുകൂടെ ഉയരത്തില്‍ പറക്കും. കാക്കയും ഉയരത്തില്‍ പറന്ന് വീണ്ടും അതിനെ കൊത്തും. പരുന്ത് വീണ്ടു ഉയരത്തില്‍ പറക്കും, കാക്കക്ക് അതിലും ഉയരത്തില്‍ പറക്കാന്‍ പറ്റില്ല, ക്ഷീണിക്കും. നമ്മള്‍ നമ്മുടെ കാര്യം മാത്രം നോക്കി പോയിക്കൊണ്ടിരിക്കണം.’ ഇതായിരുന്നു രജിനിയുടെ പ്രസംഗം.

ഇതില്‍ പരുന്ത് എന്ന് ഉദ്ദേശിച്ചത് രജിനിയെയും, കാക്ക എന്നുദ്ദേശിച്ചത് വിജയ്‌യെയാണെന്നുമുള്ള ചര്‍ച്ചകള്‍ തമിഴില്‍ നടന്നിരുന്നു. വിജയ് രജിനിയെക്കാള്‍ വലിയ സ്റ്റാറാണെന്നും അടുത്ത സൂപ്പര്‍സ്റ്റാര്‍ വിജയാണെന്നും വാരിസ് സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സിനിമയുടെ നിര്‍മാതാവ് ദില്‍ രാജു പറഞ്ഞിരുന്നു. ഇത് രജിനി ആരാധകരെ ചൊടിപ്പിച്ചിരുന്നു. അതിന് മറുപടിയായാണ് രജിനിയുടെ പ്രസംഗമെന്ന് ആരാധകര്‍ കണ്ടത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ലാല്‍സലാം സിനിമയുടെ ഓഡിയോ ലോഞ്ചില്‍ കാക്കാ-പരുന്ത് കഥയുടെ വിശദീകരണവുമായി രംഗത്തുവന്നു. ആ കഥ വിജയ്‌യെ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും, വിജയ്‌യുടെ കരിയറിന്റെ വളര്‍ച്ചയില്‍ അഭിമാനമുള്ള ആളാണ് താനെന്നും രജിനി പറഞ്ഞു. പ്രസംഗത്തിന്റെ പൂര്‍ണരൂപം.

‘ജയിലര്‍ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പറഞ്ഞ കാക്ക-പരുന്ത് കഥ വിജയ്‌യെ ഉദ്ദേശിച്ചാണെന്നുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. വിജയ് എന്റെ കണ്‍മുന്നില്‍ വളര്‍ന്ന കുട്ടിയാണ്. ധര്‍മത്തിന്‍ തലൈവന്‍ എന്ന സിനിമയുടെ ഷൂട്ടിങ് വിജയ്‌യുടെ വീട്ടില്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് വിജയ്‌യെ ആദ്യമായി കാണുന്നത്.

അന്ന് എസ്.എ. ചന്ദ്രശേഖര്‍ വിജയ്‌യെ എനിക്ക് പരിചയപ്പെടുത്തി. ഈ ചെറിയ പ്രായത്തില്‍ വിജയ്ക്ക് സിനിമയിലാണ് താത്പര്യമെന്നും പഠിത്തത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നും പറഞ്ഞ് എന്നോട് ഉപദേശിക്കാന്‍ പറഞ്ഞു. ഞാന്‍ വിജയ്‌യെ ഉപദേശിച്ചു. പഠിത്തം കഴിഞ്ഞ് സിനിമയിലേക്ക് വന്നാല്‍ മതിയെന്ന്. ആ ഉപദേശം കേട്ട് വിജയ് പഠനത്തില്‍ ശ്രദ്ധിക്കുകയും അതിന് ശേഷം സിനിമയിലേക്ക് വന്ന് സ്വന്തം ടാലന്റ് കൊണ്ടും കഠിനാധ്വാനം കൊണ്ടും പടിപടിയായി ഉയര്‍ന്ന് ഇന്ന് ഈ കാണുന്ന നിലയില്‍ എത്തി.

എന്റെ പ്രസംഗങ്ങളില്‍ ഞാന്‍ പറയും എന്റെ ഏറ്റവും വലിയ എതിരാളി ഞാന്‍ തന്നെയാണെന്ന്. വിജയ് തന്റെ പ്രസംഗങ്ങളില്‍ പറയും അയാളുടെ ഏറ്റവും വലിയ എതിരാളി അയാളാണെന്ന്. ഞാനും വിജയ്‌യും തമ്മില്‍ മത്സരമാണെന്ന് പറഞ്ഞാല്‍ അത് എനിക്കും അയാള്‍ക്കും മോശമാണ്. അതുകൊണ്ട് അത്തരം കാര്യങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടത്തരുത്,’ രജിനി പറഞ്ഞു.

മകള്‍ ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാമില്‍ അതിഥിവേഷത്തിലാണ് രജിനികാന്ത് എത്തുന്നത്. വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. ഫെബ്രുവരി ഒമ്പതിന് ലാല്‍ സലാം തിയേറ്ററുകളിലെത്തും.

Content Highlight: Rajnikanth explains that Kakka Kazhugu story not meant for Vijay

We use cookies to give you the best possible experience. Learn more