| Wednesday, 9th October 2024, 9:03 am

ആ ഒരു സിനിമ കണ്ടതോടുകൂടി മഞ്ജു വാര്യര്‍ എന്റെ നായികയായാല്‍ കറക്ടാകുമെന്ന് തോന്നി: രജിനികാന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് വേട്ടയ്യന്‍. ജയ് ഭീമിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ രജിനികാന്താണ് നായകന്‍. ഈയടുത്ത് തമിഴില്‍ വന്നതില്‍ ഏറ്റവും വലിയ സ്റ്റാര്‍ കാസ്റ്റിലാണ് വേട്ടയ്യന്‍ ഒരുങ്ങുന്നത്. ബോളിവുഡ് ഷെഹന്‍ഷ അമിതാഭ് ബച്ചന്‍, റാണാ ദഗ്ഗുബട്ടി എന്നിവരോടൊപ്പം മലയാളത്തില്‍ നിന്ന് ഫഹദും മഞ്ജു വാര്യറും പ്രധാനവേഷത്തിലെത്തുന്നു. രജിനികാന്തിന്റെ നായികയായാണ് മഞ്ജു വേട്ടയ്യനില്‍ വേഷമിടുന്നത്.

വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍, എച്ച്. വിനോദ് സംവിധാനം ചെയ്ത തുനിവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഞ്ജു ഭാഗമാകുന്ന തമിഴ് ചിത്രമാണ് വേട്ടയ്യന്‍. തന്റെ നായികയായി മഞ്ജു വാര്യര്‍ വന്നപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് രജിനികാന്ത്. 20 വര്‍ഷം മുമ്പായിരുന്നെങ്കില്‍ തന്റെ നായിക ആരാണെന്ന് സംവിധായകനോട് ചോദിക്കാമായിരുന്നെന്നും ഇപ്പോള്‍ അത് ചോദിക്കാന്‍ തനിക്ക് ഇഷ്ടമല്ലെന്നും രജിനികാന്ത് പറഞ്ഞു.

തന്റെ പങ്കാളിയുടെ ക്യാരക്ടര്‍ മഞ്ജു വാര്യര്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് സംവിധായകനാണ് തന്നോട് പറഞ്ഞതെന്ന് രജിനികാന്ത് കൂട്ടിച്ചേര്‍ത്തു. മഞ്ജുവിന്റെ അധികം സിനിമകളൊന്നും താന്‍ കണ്ടിട്ടില്ലെന്നും അസുരന്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നും രജിനികാന്ത് പറഞ്ഞു. ആ സിനിമയില്‍ സ്വല്പം പ്രായമുള്ള കഥാപാത്രമാണെന്നും അത് കണ്ടതോടുകൂടി ഈ സിനിമയിലെ ക്യാരക്ടര്‍ മഞ്ജു ചെയ്താല്‍ നന്നാകുമെന്ന് തോന്നിയെന്നും രജിനി കൂട്ടിച്ചേര്‍ത്തു. വേട്ടയ്യന്റെ ഓഡിയോ ലോഞ്ചിലാണ് രജിനി ഇക്കാര്യം പറഞ്ഞത്.

‘ജ്ഞാനവേലുമായി കഥയെപ്പറ്റിയും ഓരോ ക്യാരക്ടറും ആര് ചെയ്യുമെന്നുള്ള കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. 20 വര്‍ഷം മുമ്പായിരുന്നെങ്കില്‍ നായിക ആരാണെന്ന് ഞാന്‍ ആദ്യമേ ചോദിച്ചേനെ. പക്ഷേ ഇപ്പോള്‍ അങ്ങനെ ചോദിക്കാന്‍ എനിക്ക് തോന്നാറില്ല. അങ്ങനെ താര എന്ന കഥാപാത്രത്തിലേക്ക് ഞങ്ങളുടെ സംസാരം എത്തിയപ്പോള്‍ ആ ക്യാരക്ടര്‍ മഞ്ജു വാര്യര്‍ ചെയ്താല്‍ നന്നാകുമെന്ന് പറഞ്ഞത് ജ്ഞാനവേലായിരുന്നു.

മഞ്ജുവിന്റെ സിനിമകളൊന്നും ഞാന്‍ അങ്ങനെ കണ്ടിട്ടില്ല. ആകപ്പാടെ കണ്ടത് അസുരന്‍ മാത്രമാണ്. ആ സിനിമയില്‍ സ്വല്പം പ്രായമായിട്ടുള്ള ക്യാരക്ടറാണ് മഞ്ജു ചെയ്തത്. അത് കണ്ടപ്പോള്‍ ഈ സിനിമയില്‍ എന്റെ നായികയായി മഞ്ജു കറക്ടാകുമെന്ന് തോന്നി. ഗംഭീര പെര്‍ഫോമറാണ് മഞ്ജു വാര്യര്‍. എന്തൊരു എനര്‍ജി, എന്തൊരു ഡിഗ്നിറ്റി. അവരുടെ കൂടെ വര്‍ക്ക് ചെയ്തത് നല്ലൊരു അനുഭവമായിരുന്നു,’ രജിനികാന്ത് പറഞ്ഞു.

Content Highlight: Rajnikanth about Manju Warrier and Asuran movie

We use cookies to give you the best possible experience. Learn more