ചെന്നൈ: തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവിന്റെ പരാമര്‍ശം അപരിഷ്‌കൃതമെന്ന് രജനികാന്ത്. പ്രതിമ തകര്‍ക്കണമെന്ന ബി.ജെ.പിയുടെ ചിന്താഗതി അപക്വമാണെന്നും രജനി കൂട്ടിച്ചേര്‍ത്തു.
“എച്ച്. രാജയുടെ പരാമര്‍ശം അപക്വമായിപ്പോയി. ശക്തമായി അപലപിക്കുന്നു.”
എന്നാല്‍ രാജ മാപ്പു പറഞ്ഞ സ്ഥിതിയ്ക്ക് വിഷയം വഷളാക്കേണ്ട എന്നാണ് തന്റെ അഭിപ്രായമെന്നും രജനി പറഞ്ഞു. നേരത്തെ പെരിയാര്‍ പ്രതിമ തകര്‍ത്ത സംഭവത്തില്‍ കമല്‍ഹാസനും സ്റ്റാലിനും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
നേരത്തെ പെരിയാര്‍ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയത സംഭവത്തില്‍ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി എച്ച്.രാജ മാപ്പ് പറഞ്ഞിരുന്നു. ആക്രമണത്തിന് ആഹ്വാനം ചെയ്തത് താനല്ലെന്നും തന്റെ അറിവോടെയല്ല ഫേസ്ബുക്ക് പേജില്‍ അത്തരമൊരു പോസ്റ്റ് വന്നതെന്നും രാജ പറഞ്ഞു.
“പേജ് കൈകാര്യം ചെയ്യുന്ന അഡ്മിനാണ് തന്റെ അനുമതിയില്ലാതെ പോസ്റ്റ് ഇട്ടത്. തെറ്റാണെന്ന് കണ്ടതോടെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. ഇത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു”.
Related News:‘മാപ്പ്… ആ പോസ്റ്റിട്ടത് ഞാനല്ല’; പെരിയാര്‍ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ മാപ്പുപറഞ്ഞ് എച്ച്. രാജ
ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് തന്നെ നേരിടണമെന്നു കരുതുന്ന ഒരു വ്യക്തിയാണ് താനെന്നും അതില്‍ അക്രമത്തിന് പ്രസക്തിയില്ലെന്നും രാജ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ത്രിപുരയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ലെനിന്‍ പ്രതിമ തകര്‍ത്തിരുന്നു. തുടര്‍ന്നായിരുന്നു തമിഴ്‌നാട്ടിലെ പെരിയാര്‍ പ്രതിമയും തകര്‍ക്കുമെന്ന നേതാവിന്റെ ഭീഷണി. ഭീഷണിയ്ക്കു പിന്നാലെ പെരിയാര്‍ പ്രതിമ തകര്‍ക്കുകയും ചെയ്തിരുന്നു.