| Saturday, 17th December 2016, 2:38 pm

പാക്കിസ്ഥാന്‍ പത്തുകഷ്ണമാകുമെന്ന രാജ്‌നാഥ് സിങിന്റെ പ്രസ്താവന യുദ്ധാഹ്വാനമെന്ന് ഹാഫിസ് സഈദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


രാജ്‌നാഥിന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും വെടിനിര്‍ത്തല്‍ രേഖയെ നിയന്ത്രണരേഖയായി അംഗീകരിക്കില്ലെന്നും ഹാഫിസ് സഈദ് പറഞ്ഞു.


ലാഹോര്‍: ഇനിയും ഭീകരവാദം നിര്‍ത്തിയില്ലെങ്കില്‍ പാക്കിസ്ഥാന്‍ പത്തു കഷ്ണമാകുമെന്നുള്ള കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന യുദ്ധത്തിനുള്ള ആഹ്വാനമാണെന്ന് ജമാഅത്തുദ്ദവ തലവന്‍ ഹാഫിസ് സഈദ്.

രാജ്‌നാഥിന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും വെടിനിര്‍ത്തല്‍ രേഖയെ നിയന്ത്രണരേഖയായി അംഗീകരിക്കില്ലെന്നും ഹാഫിസ് സഈദ് പറഞ്ഞു. ലാഹോറിലെ നാസര്‍ ബാഗില്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക്കിസ്ഥാനെ തകര്‍ക്കുന്നതിനെ കുറിച്ചാണ് രാജ്‌നാഥ് സംസാരിക്കുന്നത്. എന്നാല്‍ സര്‍താജ് അസീസ് യാതൊന്നും മിണ്ടിയിട്ടില്ല. 1971 ലെ ദുര്‍ബ്ബലരായ പാക്കിസ്ഥാനല്ല ഇപ്പോഴുള്ളതെന്നും ആണവായുധം കയ്യിലുള്ള ഏറ്റവും ശക്തമായ മുസ്‌ലീം രാജ്യമാണിതെന്നും സഈദ് പറഞ്ഞു.


ഇന്ത്യന്‍ ചാരനായ കുല്‍ബുഷന്‍ യാദവിന് ക്ലീന്‍ ചിറ്റ് നല്‍കരുതെന്ന് പാക്ക് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കാനും സഈദ് മറന്നില്ല. പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തുന്ന ക്രൂരതകളെക്കുറിച്ച് വ്യക്തമാക്കാന്‍ കുല്‍ബുഷനു സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പാക്കിസ്ഥാന്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് നേരത്തെ രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. 1971ല്‍ പാക്കിസ്ഥാന്‍ രണ്ടായി വിഭജിക്കപ്പെട്ടതാണ്. ഇനിയും അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിച്ചില്ലെങ്കില്‍ അധികം വൈകാതെ പാക്കിസ്ഥാന്‍ പത്തു കഷ്ണങ്ങളാകുമെന്നും രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ഹാഫിസ് സഈദിന്റെ പ്രകോപനത്തിന് കാരണമായത്.


അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ലംഘനങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രക്തസാക്ഷി ദിനത്തില്‍ ജമ്മു കാശ്മീരിലെ കത്വയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു രാജ്‌നാഥിന്റെ പ്രസ്താവന.

We use cookies to give you the best possible experience. Learn more