| Wednesday, 3rd August 2016, 7:10 pm

സാര്‍ക്ക് ഉച്ചകോടിക്കായി രാജ്‌നാഥ് സിംഗ് പാക്കിസ്ഥാനില്‍: പ്രതിഷേധവുമായി ഹാഫിസ് അനുകൂലികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്ലാമാബാദ്: സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇസ്ലാമാബാദിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെതിരെ വ്യാപക പ്രതിഷേധം. ഉച്ചകോടിനടക്കുന്ന വേദിക്ക് പുറത്ത് ജമാഅത്തുദ്ദഅവ തലവന്‍ ഹാഫിസ് സഈദിന്റെ അനുകൂലികള്‍ പ്രതിഷേധവുമായെത്തി. രാജ്‌നാഥ് സിംഗ് ഇസ്ലാമാബാദില്‍ സന്ദര്‍ശനം നടത്തിയാല്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ് ഭീഷണി മുഴക്കിയിരുന്നു.

ഹുറിയത്ത് കോണ്‍ഫറന്‍സ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍, തുടങ്ങിയ സംഘടന പ്രവര്‍ത്തകരും രാജ്‌നാഥ് സിംഗിനെതിരെ പ്രതിഷേധവുമായെത്തിയിരുന്നു. കാശ്മീര്‍ വിഭജന പ്രക്ഷോഭത്തിന്റെ നേതാക്കന്മാരില്‍ പ്രമുഖനായ യാസിന്‍ മാലികിന്റെ ഭാര്യയാ മിഷല്‍ മാലിക്കും പ്രതിഷേധവുമായി ഇസ്ലാമാബാദിലെ പ്രസ് ക്ലബ്ബിനു മുന്‍പിലെത്തി.

കാശ്മീരില്‍ ക്രമസമാധാനം താറുമാറാക്കിയതിന് ഉത്തരവാദി ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയമാണെന്ന വാദവുമായാണ് പ്രതിഷേധം ആരംഭിച്ചത്. രാജ്‌നാഥിനെ പാക്കിസ്ഥാന്‍ സ്വാഗതം ചെയ്യുന്നതിലൂടെ നിരപരാധികളായ കാശ്മീരികളുടെ അപമാനവും വേദനയും വര്‍ദ്ധിക്കുമെന്നും ഹാഫിസ് സഈദ് പാക്ക് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇസ്ലാമാബാദിലെത്തിയ രാജ്‌നാഥ് സിംഗ് ആഭ്യന്തരമന്ത്രിമാരുടെ ഏഴാമത് സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുത്ത് നാളെ ദല്‍ഹിയിലേക്കു മടങ്ങും.

We use cookies to give you the best possible experience. Learn more