ഞങ്ങൾ നിങ്ങളെ സ്വന്തമായാണ് കാണുന്നത്, ഇന്ത്യയിൽ ചേരൂ: പാക് അധീന കശ്മീരിലെ ജനങ്ങളോട് ഇന്ത്യയിൽ ചേരാൻ ആവശ്യപ്പെട്ട് രാജ്‌നാഥ്‌ സിങ്
national news
ഞങ്ങൾ നിങ്ങളെ സ്വന്തമായാണ് കാണുന്നത്, ഇന്ത്യയിൽ ചേരൂ: പാക് അധീന കശ്മീരിലെ ജനങ്ങളോട് ഇന്ത്യയിൽ ചേരാൻ ആവശ്യപ്പെട്ട് രാജ്‌നാഥ്‌ സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th September 2024, 8:02 am

ശ്രീനഗർ: പാക് അധീന കശ്മീരിലെ ജനങ്ങളോട് ഇന്ത്യയിൽ ചേരാൻ ആഹ്വാനവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. അവരെ തങ്ങൾ വിദേശികളായി കാണില്ലെന്നും ഇന്ത്യൻ ജനതയായി തന്നെ കണക്കാക്കുമെന്നും സിങ് കൂട്ടിച്ചേർത്തു.

2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടെന്ന് ബി.ജെ.പി സ്ഥാനാർത്ഥി രാകേഷ് സിങ് ഠാക്കൂറിനെ പിന്തുണച്ച് സിങ് പറഞ്ഞു. റംബാൻ നിയമസഭാ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

‘പാകിസ്ഥാൻ നിങ്ങളെ വിദേശികളായി കണക്കാക്കുന്നു, എന്നാൽ ഇന്ത്യയിലെ ആളുകൾ നിങ്ങളെ അങ്ങനെ കണക്കാക്കുന്നില്ല, ഞങ്ങൾ നിങ്ങളെ ഞങ്ങളുടെ സ്വന്തമായാണ് കണക്കാക്കുന്നത്, അതിനാൽ വന്ന് ഞങ്ങളോടൊപ്പം ചേരൂ,’ അദ്ദേഹം പറഞ്ഞു.

പാകിസ്താനിലെ അഡീഷണൽ സോളിസിറ്റർ ജനറൽ അടുത്തിടെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പാക് അധീന കശ്മീരിലെ ജനങ്ങൾ വിദേശികളാണെന്ന് പറഞ്ഞിരുന്നു ഇതേക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നു രാജ്‌നാഥ്‌ സിങ്.

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്‌ദാനത്തെ സിങ് വിമർശിക്കുകയും ചെയ്തു. ഒപ്പം ബി.ജെ.പി ഉള്ളിടത്തോളം അത് അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം ആർട്ടിക്കിൾ 370 എടുത്ത് മാറ്റിയതോട് കൂടി കശ്മീർ സമാധാനം കൈവരിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘2019 ഓഗസ്റ്റ് മുതൽ ജമ്മു കശ്മീരിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. യുവാക്കൾ ഇപ്പോൾ പിസ്റ്റളുകൾക്കും റിവോൾവറുകൾക്കും പകരം ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളും കൈകളിൽ വഹിക്കുന്നു. ഇപ്പോൾ ശ്രീനഗറിലെ ജനങ്ങൾക്ക് നേരെ വെടിയുതിർക്കാൻ ആരും ധൈര്യപ്പെടുന്നില്ല,’ അദ്ദേഹം പറഞ്ഞു.

സെപ്തംബർ 18, സെപ്തംബർ 25, ഒക്ടോബർ ഒന്ന് എന്നീ ദിവസങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മു കശ്മീരിൽ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഒക്ടോബർ എട്ടിന് നടക്കും. ജമ്മു കശ്മീരിൽ ആകെ 90 അസംബ്ലി മണ്ഡലങ്ങളുണ്ട്, അതിൽ ഏഴ് സീറ്റുകൾ പട്ടികജാതി വിഭാഗത്തിനും ഒമ്പത് സീറ്റുകൾ എസ്.ടിക്കും സംവരണം ചെയ്തിരിക്കുന്നു.

 

 

Content Highlight: Rajnath Singh urges PoK residents to join India, cites Pak lawyer’s affidavit: ‘We consider you