കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് അമിത് ഷാ എത്തില്ല; ചര്‍ച്ച നയിക്കുക രാജ്‌നാഥ് സിങ്ങും തോമറും
India
കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് അമിത് ഷാ എത്തില്ല; ചര്‍ച്ച നയിക്കുക രാജ്‌നാഥ് സിങ്ങും തോമറും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st December 2020, 11:38 am

ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നെങ്കിലും കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് അമിത് ഷാ എത്തില്ല. ചര്‍ച്ച നയിക്കുന്നത് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ്.

കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചര്‍ച്ച നടത്തുമെന്ന് അറിയിച്ചത്. പ്രക്ഷോഭത്തിന്റെ രൂക്ഷത കണക്കിലെടുത്താണ് ഡിസംബര്‍ 3 ന് നടത്താമെന്നേറ്റ യോഗം ഇന്നത്തേക്ക് മാറ്റിയത്.

രാജ്നാഥ് സിങ്ങിനൊപ്പം കേന്ദ്രകര്‍ഷകമന്ത്രി നരേന്ദ്ര സിങ് തോമറാണ് ചര്‍ച്ചയ്ക്ക് എത്തുന്നത്. ഏതാനും മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. കൃഷി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കുമെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷാ ചര്‍ച്ചയില്‍ എത്തില്ല. അതേസമയം എന്തുകൊണ്ടാണ് അമിത് ഷാ യോഗത്തിന് എത്താത്തത് എന്നതില്‍ വ്യക്തതയില്ല.

രാജ്യം ഇത്രയും വലിയ ഒരു പ്രക്ഷോഭത്തിന് വേദിയായിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രി ചര്‍ച്ചയ്‌ക്കെത്താതെ പ്രതിരോധമന്ത്രിയെ ചര്‍ച്ചയ്ക്ക് അയച്ച നടപടിയില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം കര്‍ഷകരുടെ സമരത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയടക്കം അഭിപ്രായപ്രകടനം നടത്തിയത്. കര്‍ഷകരുടെ സമരത്തിന് പിന്നില്‍ ചില രാഷ്ട്രീയക്കാരാണെന്ന വിമര്‍ശനമായിരുന്നു മോദി ഉയര്‍ത്തിയത്. കര്‍ഷകരുടെ നന്മയ്ക്കായാണ് പുതിയ നിയമം നടപ്പാക്കിയത് എന്നായിരുന്നു മോദിയുടെ വാദം.

പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് കര്‍ഷകരാണ് തുടര്‍ച്ചയായ ആറാം ദിവസവും ദല്‍ഹിയിലും അതിര്‍ത്തികളിലുമായി സമരമിരിക്കുന്നത്.

ഡിസംബര്‍ ഒന്നിന് 3 മണിക്ക് ദേശീയ തലസ്ഥാനത്തെ വിജ്ഞാന ഭവനില്‍ യോഗം വിളിച്ചിട്ടുണ്ടെന്നും നവംബര്‍ 13 ന് നടന്ന യോഗത്തില്‍ പങ്കെടുത്ത ആളുകളെ മാത്രമാണ് യോഗത്തില്‍ വിളിച്ചിരിക്കുന്നതെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. മൂന്ന് മണിക്ക് സര്‍ക്കാര്‍ വിളിച്ച യോഗത്തിന് മുന്‍പായി കര്‍ഷക സംഘടനകളുടെ യോഗം ഇപ്പോള്‍ ദല്‍ഹിയില്‍ നടക്കുന്നുണ്ട്. അതേസമയം ദല്‍ഹിയില്‍ കര്‍ഷകരുടെ സമരം പുരോഗമിക്കുകയാണ്. ദല്‍ഹി-യു.പി അതിര്‍ത്തിയായ ഗാസിപൂരില്‍ ട്രാക്ടര്‍ ഉപയോഗിച്ച് പൊലീസ് ബാരിക്കേഡുകള്‍ നീക്കം ചെയ്യുകയാണ് ഇപ്പോള്‍ കര്‍ഷകര്‍. സമരത്തില്‍ നിന്ന് കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും കഴിഞ്ഞ ആറ് ദിവസമായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rajnath Singh to lead Centre’s talks with agitating farmers