ന്യൂദല്‍ഹി: ബി.ജെ.പി സര്‍ക്കാരുകള്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയോ അഭിപ്രായസ്വാതന്ത്ര്യം വെട്ടികുറക്കുകയോ ചെയ്തിട്ടില്ലെന്ന അവകാശവാദവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ആര്‍.എസ്.എസ് ആഴ്ചപതിപ്പായ പാഞ്ചജന്യയുടെ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണെന്ന വാദങ്ങളില്‍ കഴമ്പില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ‘ഇന്നത്തെ കാലത്ത് മാധ്യമ സ്വാതന്ത്ര്യത്തിന് മേല്‍ കടന്നുകയറ്റമുണ്ടാകുന്നുവെന്ന് ആരോപിക്കുന്നവര്‍ മറക്കുന്ന ഒരു കാര്യമുണ്ട്.
അടല്‍ ജീയുടെയും മോദി ജീയുടെയും സര്‍ക്കാരുകള്‍ ഒരു മാധ്യമ സ്ഥാപനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ആരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിനോ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനോ വിലങ്ങുവെച്ചിട്ടുമില്ല,’ രാജ്‌നാഥ് സിങ് പറഞ്ഞു.
ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങളെന്നും ശക്തമായ ജനാധിപത്യത്തിന് മാധ്യമസ്വാതന്ത്ര്യം അനിവാര്യമാണെന്നും രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു.
പാഞ്ചജന്യക്കെതിരെ മുന്‍ കാലങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ദേശീയവാദ മാധ്യമപ്രവര്‍ത്തനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമായിരുന്നു ആര്‍.എസ്.എസ് ആഴ്ച പതിപ്പിന് നേരയുള്ള വിലക്കെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസാണ് ജനങ്ങളുടെ സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും നിയന്ത്രിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന നടപടികള്‍ സ്വീകരിച്ചതെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ വെട്ടികുറക്കുന്ന തരത്തില്‍ ഭരണഘടനാ ഭേദഗതി വരുത്തിയത് കോണ്‍ഗ്രസാണെന്നും ചില്ലുകൊട്ടാരങ്ങളില്‍ നിന്ന് മറ്റുള്ളവരെ കല്ലെറിയരുതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
അതേസമയം, 2022ലെ മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ 150 സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് ഇന്ത്യ. മാധ്യമപ്രവര്‍ത്തനം ഏറ്റവും ഭീതിദമായ വെല്ലുവിളികള്‍ നേരിടുന്ന രാജ്യമാണ് ഇന്ത്യയെന്ന് വിവിധ മാധ്യമ സംഘടനകള്‍ ചൂണ്ടിക്കാണിച്ചിരുന്നു.
Content Highlight: Rajnath Singh says BJP Govt never banned any media house ever