| Monday, 17th July 2023, 9:05 am

മോദിയെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ബോസ് എന്നാണ് വിളിക്കുന്നത്: രാജ്‌നാഥ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ വാക്കുകള്‍ മുമ്പ് ആരും ഗൗരവമായി എടുത്തിരുന്നില്ലെന്നും എന്നാല്‍ ഇന്ന് ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന സ്ഥിതിയിലേക്ക് രാജ്യമെത്തിയെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോസ് എന്നാണ് അഭിസംബോധന ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ യശസ് വലിയ രീതിയില്‍ വര്‍ധിച്ചുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. തന്റെ മണ്ഡലമായ ലഖ്നൗവിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് എന്‍.ഡി. ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

‘നേരത്തെ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ വാക്കുകള്‍ ആരും ഗൗരവമായി എടുത്തിരുന്നില്ല. ഇന്ന് ഇന്ത്യ സംസാരിക്കുമ്പോള്‍ ലോകം മുഴുവന്‍ ശ്രദ്ധയോടെ കേള്‍ക്കുന്നു. നമ്മുടെ പ്രധാനമന്ത്രി മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍, അദ്ദേഹത്തെ അവിടെ എങ്ങനെ സ്വാഗതം ചെയ്യുന്നുവെന്ന് നിങ്ങള്‍ ടി.വിയില്‍ കണ്ടിട്ടുണ്ടാകും.

ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മോദിയെ ബോസ് എന്നാണ് വിളിക്കുന്നത്. ‘നിങ്ങള്‍ ആഗോളതലത്തില്‍ ശക്തനാണ്’ എന്ന് അമേരിക്കന്‍ പ്രസിഡന്റ് മോദിജിയോട് പറയുകയും അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് എടുക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിം രാജ്യങ്ങളും അദ്ദേഹത്തിന് ഏറ്റവും ഉയര്‍ന്ന ബഹുമാനം നല്‍കുന്നു.

പാപ്പുവ ന്യൂ ഗ്വിനിയ പ്രധാനമന്ത്രി  മോദിയുടെ പാദങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു. ഇത് ഓരോ ഇന്ത്യക്കാരനും ലഭിച്ച മഹത്തായ ഒരു ബഹുമതിയാണ്,’ രാജ്‌നാഥ് സിങ് പറഞ്ഞു.

നിലവില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്നും സിങ് പറഞ്ഞു.

‘2013-2014 കാലയളവില്‍ 11-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നു ഇന്ത്യ. ഇന്ന് അത് അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി,’ രാജ്‌നാഥ് സിങ് പറഞ്ഞു.

Content Highlight:  Rajnath Singh said Australian PM calls Modi ‘Boss’

We use cookies to give you the best possible experience. Learn more