ന്യൂദല്‍ഹി: വ്യക്തമായ തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് രാഹുല്‍ ഗാന്ധിയോട് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. റാഫേല്‍ ഇടപാടില്‍ ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് രാജ്‌നാഥ് സിംഗിന്റെ പ്രതികരണം. ഫ്രാങ്കോയിസ് ഹോളണ്ടിന്റെ പ്രതികരണം വിശദമായി പഠിച്ചാല്‍ രാഹുലിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
” ഫ്രഞ്ച് മുന്‍ പ്രസിഡന്റിന്റെ ആരോപണങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തുകയാണ്. അതിനുശേഷം സത്യാവസ്ഥ എന്തെന്ന് പുറത്ത് വരും.”
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുന്‍പ് രാഹുല്‍ നാലുതവണ ആലോചിക്കണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
രാജ്യത്തിന്റെ കാവല്‍ക്കാരനായ പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളനാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.
ഓരോ ദിവസവും പ്രതിരോധമന്ത്രി പുതിയ പുതിയ കള്ളങ്ങള്‍ പറയുകയാണ്. ചരിത്രത്തിലാദ്യമായി ഒരു ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നമ്മുടെ പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
യുവാക്കളുടെ പോക്കറ്റില്‍ നിന്ന് പണമെടുത്ത് അംബാനിക്ക് നല്‍കുകയാണ് മോദി ചെയ്തിരിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞത് സത്യമാണോ അല്ലെങ്കില്‍ തെറ്റാണോയെന്ന് പ്രധാനമന്ത്രി വിശദമാക്കണം. അദ്ദേഹം ഇതുവരെ യാതൊന്നും പറഞ്ഞിട്ടില്ലെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചിരുന്നു.
WATCH THIS VIDEO: