ന്യൂദല്‍ഹി: രാജ്യത്ത് കുറ്റകൃത്യം ചെയ്തതിന് ശേഷം അതിര്‍ത്തി കടക്കുന്ന തീവ്രവാദികളെ വധിക്കാന്‍ പാകിസ്ഥാനില്‍ ചെന്ന് ആക്രമണം നടത്താനും ഇന്ത്യക്ക് മടിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സി.എന്‍.എന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന.
2019ന് ശേഷം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പാകിസ്ഥാനില്‍ തീവ്രവാദികളെ കൊലപ്പെടുത്തിയെന്ന ബ്രിട്ടീഷ് പത്രമായ ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
അയല്‍രാജ്യങ്ങളുമായി ആരോഗ്യകരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ആരെങ്കിലും രാജ്യത്തിനെതിരെയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അവരെ വെറുതെ വിടില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
മറ്റൊരു രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്താന്‍ ഇന്ത്യ ശ്രമിച്ചിട്ടില്ലെന്നും അതാണ് ഇന്ത്യയുടെ സ്വഭാവമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. കാരണങ്ങളില്ലാതെ അയല്‍ രാജ്യങ്ങളെ ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളെ ആവശ്യമില്ലാതെ പ്രകോപിപ്പിച്ചാല്‍ ശക്തമായി പ്രതിരോധിക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
അതേസമയം രാജ്നാഥ് സിങ്ങിന്റെ പരാമര്‍ശത്തിനെതിരെ പാകിസ്ഥാന്‍ രംഗത്തെത്തി. പ്രസ്താവന പ്രകോപനപരമെന്ന് പാക് നേതൃത്വം ചൂണ്ടിക്കാട്ടി. ഏകപക്ഷീയമായി തീവ്രവാദികള്‍ എന്ന് വിശേഷിപ്പിച്ച് സാധാരണക്കാരെ നിയമവിരുദ്ധമായി വധിക്കുന്നതിനുള്ള ഇന്ത്യയുടെ പദ്ധതി ഒരു കുറ്റസമ്മതമാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസില്‍ പ്രസ്താവനയില്‍ പറഞ്ഞതായി പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസിന്റെ പ്രസ്താവനയോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlight: Rajnath Singh made an provocating statement against Pakistan