ന്യൂദല്‍ഹി: സൈനിക സേവനത്തിനിടെ മരണപ്പെട്ട അഗ്നിവീര്‍ സൈനികന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയതായുള്ള പ്രതിരോധ മന്ത്രി രാജ് സിങ്ങിന്റെ വാദം പച്ചക്കള്ളമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊല്ലപ്പെട്ട അഗ്നിവീര്‍ സൈനികന്‍ അജയ് സിങ്ങിന്റെ പിതാവാണ് തങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്.
രക്തസാക്ഷിയായ അഗ്നിവീര്‍ സൈനികന്റെ കുടുംബത്തിന് സഹായം നല്‍കിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പാര്‍ലമെന്റില്‍ കള്ളം പറയുകയായിരുന്നു എന്ന് രാഹുല്‍ എക്‌സില്‍ പറഞ്ഞു.
കൊല്ലപ്പെട്ട സൈനികന്റെ കുടുംബവുമായി സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു വിഷയത്തില്‍ കേന്ദ്രത്തിന്റെ പൊള്ളത്തരം രാഹുല്‍ തുറന്നുകാട്ടിയത്. ‘സത്യം സംരക്ഷിക്കുക എന്നതാണ് എല്ലാ മതങ്ങളുടെയും അടിസ്ഥാനം. എന്നാല്‍ രക്തസാക്ഷി അഗ്നിവീറിന്റെ കുടുംബത്തിന് സഹായം ലഭിക്കുന്നതിനെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പാര്‍ലമെന്റില്‍ കള്ളം പറഞ്ഞിരിക്കുന്നു.
രക്തസാക്ഷി അഗ്നിവീര്‍ അജയ് സിങ്ങിന്റെ പിതാവ് തന്നെയാണ് അദ്ദേഹത്തിന്റെ നുണകളെ കുറിച്ച് എന്നോട് പറഞ്ഞിരിക്കുന്നത്.
പാര്‍ലമെന്റിനോടും രാജ്യത്തോടും സൈന്യത്തോടും രക്തസാക്ഷി അഗ്നിവീര്‍ അജയ് സിംഗ് ജിയുടെ കുടുംബത്തോടും പ്രതിരോധമന്ത്രി മാപ്പ് പറയണം,’ രാഹുല്‍ എക്‌സില്‍ കുറിച്ചു.
വീരമൃത്യു വരിച്ച അഗ്നിവീര്‍ സൈനികരുടെ ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നായിരുന്നു രാജ്നാഥ് സിംഗ് സഭയില്‍ അവകാശപ്പെട്ടത്. എന്നാല്‍ തങ്ങള്‍ക്ക് അത്തരം സഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് മരണപ്പെട്ട അജയ് സിങ്ങിന്റെ പിതാവ് വീഡിയോയില്‍ പറയുന്നുണ്ട്.
രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ലഭിക്കണമെന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് നിര്‍ത്തുകയും പതിവ് റിക്രൂട്ട്മെന്റ് പുനഃസ്ഥാപിക്കുകയും വേണമെന്നും രാഹുല്‍ പറഞ്ഞു.
അഗ്നിപഥ് സൈനിക റിക്രൂട്ട്‌മെന്റിലൂടെ ജോലിയില്‍ പ്രവേശിക്കുന്ന സൈനികര്‍ കൊല്ലപ്പെട്ടാല്‍ അവര്‍ക്ക് ”ഷഹീദ്” (രക്തസാക്ഷി) പദവി പോലും സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും അവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് യൂസ് ആന്‍ഡ് ത്രോ പദ്ധതി പോലെയാണ് അഗ്നിവീര്‍ സൈനികരെന്നും രാഹുല്‍ പറഞ്ഞിരുന്നു.
അഗ്നിപഥ് സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയെക്കുറിച്ച് ലോക്സഭയില്‍ രാഹുല്‍ ഗാന്ധിയ നടത്തിയ വിമര്‍ശനങ്ങളെ രാജ്‌നാഥ് സിങ് തള്ളിക്കളഞ്ഞിരുന്നു. 158 സംഘടനകളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചതിന് ശേഷമാണ് അഗ്നിപഥ് പദ്ധതി നടപ്പിലാക്കിയത് എന്നായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ വാദം.
ഏറെ ആലോചിച്ച ശേഷമാണ് ഈ പദ്ധതി കൊണ്ടുവന്നത്. കൂടാതെ, ഇത്തരത്തിലുള്ള സ്‌കീമുകള്‍ പല രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ മാത്രമല്ല ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ യു.എസിലും യു.കെയിലുമുണ്ട്.
അവിടെയുള്ള ആളുകള്‍ക്കൊന്നും അതിനോട് എതിര്‍പ്പില്ല. അഗ്നിവീര്‍ പദ്ധതിയെ കുറിച്ച് മനസ്സിലാക്കാതെ, അതേക്കുറിച്ച് ശരിയായ വിവരങ്ങള്‍ ലഭിക്കാതെ ഇങ്ങനെ സഭയെ തെറ്റിദ്ധരിപ്പിക്കുന്നത് ഉചിതമല്ലെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനത്തോടുള്ള രാജ്‌നാഥ് സിങ്ങിന്റെ മറുപടി.
എന്നാല്‍ ഇതിന് പിന്നാലെ രാജ്നാഥ് സിംഗിന് ഒരു അഭിപ്രായമുണ്ടെന്നും തനിക്കൊരു അഭിപ്രായമുണ്ടെന്നും എന്നാല്‍ എന്താണ് അഗ്നീവീര്‍ പദ്ധതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് സൈനികര്‍ക്ക് അറിയാമെന്നും രാഹുല്‍ തിരിച്ചടിച്ചു.
ഇതിന് പിന്നാലെ അഗ്നിവീര്‍ അജയ് സിങ്ങിന്റെ കുടുംബത്തിന് 98. 39 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയെന്ന് കാട്ടി ഇന്ത്യന്‍ ആര്‍മിയുടെ എ.ഡി.ജി. പി.ഐയുടെ എക്‌സ് ഹാന്‍ഡിലില്‍ ഒരു പോസ്റ്റ് വന്നിരുന്നു.
ജോലിക്കിടെ ജീവന്‍ നഷ്ടപ്പെട്ട അഗ്നിവീര്‍ അജയ് കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്ന് സോഷ്യല്‍ മീഡിയയിലെ ചില പോസ്റ്റുകള്‍ പറയുന്നുവെന്നും എന്നാല്‍, അത് ശരിയല്ലെന്നും നല്‍കാനുള്ള ആകെ തുകയില്‍ അഗ്നിവീര്‍ അജയന്റെ കുടുംബത്തിന് 98.39 ലക്ഷം രൂപ ഇതിനകം നല്‍കിക്കഴിഞ്ഞുവെന്നുമായിരുന്നു പോസ്റ്റിന്റെ ചുരുക്കം.
Content Highlight: Rajnath Singh ‘lied’ in Parliament on compensation to martyr Agniveer families, alleges Rahul