| Thursday, 19th September 2019, 1:07 pm

തേജസ് യുദ്ധവിമാനം അല്പസമയം പറത്തിയത് രാജ്‌നാഥ് സിങ്ങെന്ന് ഡി.ആര്‍.ഡി.ഒ തലവന്‍; പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെന്ന് പ്രതിരോധമന്ത്രിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: തേജസ് യുദ്ധവിമാനത്തിലുള്ള പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ യാത്രയ്ക്ക് വലിയ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നു. തേജസില്‍ പറക്കുന്ന ആദ്യപ്രതിരോധമന്ത്രിയാണ് രാജ്‌നാഥ് സിങ് എന്നതായിരുന്നു പ്രത്യേകത.

എയര്‍ വൈസ് മാര്‍ഷല്‍ എന്‍ തിവാരിയ്‌ക്കൊപ്പമായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ യാത്ര. എന്നാല്‍ വിമാനം അല്‍പ്പസമയം നിയന്ത്രിച്ചത് രാജ്‌നാഥ് സിങ്ങാണ് എന്നാണ് ലാന്റിങ്ങിന് ശേഷം ഡി.ആര്‍.ഡി.ഒ തലവന്‍ ഡോ. ജി സതീഷ് റെഡ്ഡി പ്രതികരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

” കുറച്ച് സമയത്തേക്ക് വിമാനം നിയന്ത്രിച്ചത് പ്രതിരോധമന്ത്രിയായിരുന്നു”- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

സംഗതി വളരെ എളുപ്പമായിരുന്നെന്നും പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെന്നും എന്‍. തിവാരിയുടെ നിര്‍ദേശങ്ങള്‍ താന്‍ അതേപോലെ അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് രാജ്‌നാഥ് സിങ് ഇതിന് മറുപടി നല്‍കി.

‘തദ്ദേശീയമായി നിര്‍മ്മിച്ച തേജസ്” വികസിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നതിനായി മന്ത്രി അവര്‍ക്കൊപ്പം യാത്രചെയ്യുമെന്ന് പ്രതിരോധമന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യന്‍ നിര്‍മിത വിവിധോദ്ദേശ യുദ്ധ വിമാനമാണ് ഹിന്ദുസ്ഥാന്‍ എയറോനോടിക്‌സ് തേജസ്. ബെംഗളൂരുവിലെ എച്ച്.എ.എല്‍ വിമാനത്താവളത്തില്‍നിന്നാണ് രാജ്നാഥ് തേജസില്‍ പറന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എയര്‍ വൈസ് മാര്‍ഷല്‍ എന്‍ തിവാരിയും രാജ്‌നാഥ് സിങിനൊപ്പമുണ്ടായിരുന്നു. നാഷണല്‍ ഫ്‌ലൈറ്റ് ടെസ്റ്റ് സെന്ററിലെ പ്രോജക്ട് ഡയറക്ടര്‍ കൂടിയാണ് എന്‍. തിവാരി. വിങ് കമാന്‍ഡര്‍മാരുടെ ആത്മവീര്യം ഉയര്‍ത്താന്‍ പ്രതിരോധ മന്ത്രിയുടെ യാത്ര സഹായിക്കുമെന്ന് പ്രതിരോധമന്ത്രാലയം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കഴിഞ്ഞ ആഴ്ച തേജസിന്റെ ദ്രുതഗതിയിലുള്ള ലാന്‍ഡിങ് വിജയകരമായി ഗോവയില്‍ നടത്തിയിരുന്നു. തേജസ് യാത്രയ്ക്കുശേഷം ഡി.ആര്‍.ഡി.ഒ ബെംഗളൂരുവില്‍ നടത്തുന്ന പ്രതിരോധ ഉപകരണങ്ങളുടെ പ്രദര്‍ശന പരിപാടിയിലും രാജ്‌നാഥ് സിങ് പങ്കെടുക്കുന്നുണ്ട്.

തുടക്കത്തില്‍ 40 തേജസ് വിമാനങ്ങള്‍ നിര്‍മ്മിച്ചുനല്‍കാനാണ് വ്യോമസേന ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തോടെ അധികമായി 83 തേജസ് വിമാനങ്ങള്‍ കൂടി ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more