ഗുരുവായൂര്‍: യെമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ മലയാളി പുരോഹിതന്‍ ഫാദര്‍ ടോം ഉഴുന്നാലിലിനെ അറിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്.
ഫാദര്‍ ടോം ഉഴുന്നാലിലിനെ ന്റെ മോചനത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതാരാണെന്നായിരുന്നു രാജ്‌നാഥ് സിംഗിന്റെ പ്രതികരണം. തുടര്‍ന്ന് യെമനില്‍നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികനാണ് ടോം ഉഴുന്നാലിലിനെന്ന് ഒപ്പമുണ്ടായിരുന്ന ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് വിശദീകരിച്ചു.
സര്‍ക്കാരിന് എന്തെങ്കിലും വിവരം ലഭിച്ചാല്‍ അന്വേഷിക്കാമെന്നായിരുന്നു തുടര്‍ന്ന് രാജ്‌നാഥ് സിംഗ് ഇതിന് മറുപടിയായി പറഞ്ഞത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. മാസങ്ങളായി ഭീകരരുടെ തടവില്‍ കഴിയുന്ന ഫാദര്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും കത്തോലിക്കാസഭയും നിരന്തരം കേന്ദ്രത്തെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ ഈ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
ഈ വര്‍ഷം മാര്‍ച്ച് നാലിനാണ് തെക്കന്‍ യെമനില്‍ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന വൃദ്ധമന്ദിരം ആക്രമിച്ച് നാല് ഇന്ത്യന്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയ സംഘം വൃദ്ധസദനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാദര്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയത്. യെമനിലെ തെക്കന്‍ നഗരമായ ഏദനിലെ ശൈഖ് ഉത്മാനിലായിരുന്നു സംഭവം.
ദിവസങ്ങള്‍ക്കു മുന്‍പ് ഫാദര്‍ ടോം ഉഴുന്നാലിന്റെ സഹായഭ്യര്‍ത്ഥനയുമായുള്ള വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. തനിക്കൊപ്പം ബന്ധിയാക്കപ്പെട്ട ഫ്രഞ്ച് വനിതയെ അവരുടെ സര്‍ക്കാര്‍ മോചിപ്പിച്ചെന്നും ഇന്ത്യക്കാരനായതിനാലാണ് തനിക്ക് ഈ അവസ്ഥ വന്നതെന്നും വീഡിയോയില്‍ അദ്ദേഹം പറയുന്നുണ്ടായിരുന്നു.
ഇതിന് പിന്നാലെ അദ്ദേഹത്തെ വേഗം മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രംഗത്തെത്തിയിരുന്നു. ഫാദറിന്റെ മോചനത്തിനായി കത്തോലിക്കാസഭയുടെ ഭാഗത്തുനിന്നുള്ള ഊര്‍ജിതമായ ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.