ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ന്യൂദല്‍ഹി: ഇന്ത്യ-റഷ്യ ആയുധക്കരാര്‍ ഒപ്പുവെച്ചു. സൈനിക സഹകരണം ഉറപ്പാക്കുന്ന കരാറുകളിലാണ് ഒപ്പുവെച്ചത്.
ഇരുപത്തിയൊന്നാമത് വാര്‍ഷിക ഉച്ചകോടിക്ക് മുന്നോടിയായി ദല്‍ഹിയില്‍ നടന്ന മന്ത്രിതല കൂടിക്കാഴ്ച്ചയിലാണ് സൈനിക സഹകരണത്തിനുള്ള നിര്‍ണായക തീരുമാനങ്ങളുണ്ടായത്.
എ.കെ 203 തോക്കുകള്‍ വാങ്ങുന്നതിനുള്ള കരാറടക്കം സുപ്രധാനമായ കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. കലാഷ്‌നിക്കോവ് സീരിസിലെ തോക്കുകള്‍ കൈമാറാനുള്ള കരാറില്‍ ഭേദഗതി വരുത്താനും തീരുമാനമായി. റഷ്യന്‍ പ്രതിരോധമന്ത്രി സര്‍ജേ ഷൊയ്ഗുവ്, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജെ ലവ്‌റോവ്, വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും നടത്തിയ കൂടിക്കാഴ്ച്ചയിലാണ് നിര്‍ണായക തീരുമാനങ്ങള്‍.
അഫ്ഗാനിലെ രാഷ്ട്രീയ സംഭവങ്ങള്‍ മധ്യേഷയിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍, സമുദ്രസുരക്ഷ, തീവ്രവാദ ഭീഷണി തുടങ്ങിയ വിഷയങ്ങള്‍ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്നു.
വ്യാപാര, ഊര്‍ജ്ജ, സാങ്കേതികവിദ്യ മേഖലകളിലെ സഹകരണവും മന്ത്രിതല കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായതായാണ് സൂചന. റഷ്യ ഇന്ത്യയ്ക്ക് കൈമാറാന്‍ ഇരിക്കുന്ന എസ് 400 മിസൈലിന്റെ മാതൃക പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ കൈമാറും. പുടിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി രണ്ട് എസ് 400 മിസൈലുകള്‍ റഷ്യ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്.
പ്രതിരോധ മേഖലയില്‍ പങ്കാളിത്തം ദൃഢമാക്കിയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഈ സമയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് റഷ്യ-ഇന്ത്യ പ്രതിരോധ സഹകരണം പ്രധാനമാണെന്നും പ്രാദേശിക സുരക്ഷ വര്‍ധിപ്പിക്കുന്നതിന് റഷ്യയും ഇന്ത്യയും സഹായിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും റഷ്യന്‍ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Rajnath Singh and Russian defence minister General Sergey Shoigu sign agreements between countries