| Friday, 28th September 2018, 8:23 am

സംസ്ഥാനത്തെ പാവങ്ങളെ ഓര്‍ത്ത് ആയുഷ്മാന്‍ ഭാരത് നടപ്പാക്കാന്‍ കേരളം തയാറാവണം: രാജ്‌നാഥ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആയുഷ്മാന്‍ ഭാരത് നടപ്പാക്കാന്‍ കേരളം തയാറാവണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. 1350 രോഗങ്ങള്‍ക്ക് ചികില്‍സ ഉറപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത് നടപ്പാക്കാന്‍ സംസ്ഥാനത്തെ പാവങ്ങളെ ഓര്‍ത്ത് പിണറായി സര്‍ക്കാര്‍ തയാറാവണമെന്ന് ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളത്തില്‍ ഒന്നാം ബദലായി മാറാനാണ് ബി.ജെ.പി ശ്രമിക്കേണ്ടതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒറ്റയ്ക്ക് 350 സീറ്റുകള്‍ നേടുമെന്നും അതില്‍ കേരളത്തിന്റെ പങ്കുണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


“മുന്‍പ് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ പറഞ്ഞിരുന്നത് ഇവിടെ ബി.ജെ.പി മൂന്നാം ബദലായി വളര്‍ന്നുവരുമെന്നായിരുന്നു. എന്നാല്‍ ഇന്ന് പറയാനുള്ളത് ഇവിടെയും ഒന്നാം ശക്തിയായി മാറാന്‍ ശ്രമിക്കണമെന്നാണ്. ബംഗാള്‍, ഒറീസ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി വളരുന്ന രീതിയില്‍ കേരളത്തിലും മാറണം”.

മോദിയെ തകര്‍ക്കുക, ബി.ജെ.പിയെ തകര്‍ക്കുക എന്ന ഒരേയൊരു അജണ്ടയാണ് പ്രതിപക്ഷ കക്ഷികള്‍ക്ക് ആകെയുള്ളത്. അതിനായി അവര്‍ വിശാല ഐക്യം രൂപവല്‍ക്കരിക്കുകയാണ്. മോദിയെ വിമര്‍ശിക്കുന്ന രാഹുലിന്റെ ഭാഷ തരംതാണതാണ്. അക്കാര്യത്തില്‍ ഈ ചെറുപ്പക്കാരനെ ഉപദേശിക്കാന്‍ താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോടു പറഞ്ഞിരുന്നതായും രാജ്‌നാഥ് സിങ് പറഞ്ഞു.


ലോകത്തൊരിടത്തും കാണാനാവാത്തവിധം മുസ്ലിങ്ങളിലെ 73 വിഭാഗങ്ങള്‍ക്കും സ്വതന്ത്രമായി ജീവിക്കാന്‍ സാധിക്കുന്ന ഏക രാജ്യമാണ് ഇന്ത്യ. ക്രിസ്ത്യാനികള്‍ക്കും ഇതേ രീതിയില്‍ ജീവിക്കാന്‍ കഴിയുന്ന രാജ്യവും ഇന്ത്യ മാത്രമാണ്. ഇന്ദിരാഗാന്ധി 1969ല്‍ രാജ്യത്തെ ബാങ്കുകള്‍ ദേശസാല്‍ക്കരണം നടപ്പാക്കിയെങ്കിലും ബാങ്ക് സേവനങ്ങള്‍ പാവങ്ങള്‍ക്കുകൂടി ലഭ്യമാക്കിയ സാര്‍വത്രീകരണം നടപ്പാക്കിയത് മോദിയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

We use cookies to give you the best possible experience. Learn more