ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ മുന്‍ ജീവനക്കാരി നല്‍കിയ സത്യവാങ്മൂലത്തില്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് നേരത്തെ അറിയാമായിരുന്നെന്ന് റിപ്പോര്‍ട്ട്. 2019 ജനുവരി 11 മുതല്‍ തന്നെ രാജ്‌നാഥ് സിങ് ഇക്കാര്യം അറിഞ്ഞിരുന്നെന്നാണ് സത്യവാങ്മൂലത്തിനൊപ്പം യുവതി സമര്‍പ്പിച്ച വീഡിയോ റെക്കോര്‍ഡിങ്ങുകളെ ആധാരമാക്കി കാരവന്‍ മാഗസിന്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
‘ രേഖയില്‍ പരാമര്‍ശിക്കുന്ന നിരവധി സംഭവങ്ങള്‍ സാധൂകരിക്കുന്നതിനുള്ള വീഡിയോ റെക്കോര്‍ഡിങ്ങുകളുടെ കോപ്പികള്‍ സത്യവാങ്മൂലത്തിനൊപ്പം മുന്‍ ജീവനക്കാരി ജഡ്ജിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച്, ഈ വര്‍ഷം ജനുവരിയില്‍ ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥനൊപ്പം അവരെ ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ കൊണ്ടുപോയി അവിടെവെച്ച് ചീഫ് ജസ്റ്റിസിന്റെ ഭാര്യയോട് മാപ്പു പറയാന്‍ ആവശ്യപ്പെട്ടതിന്റെ വീഡിയോ. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനും ദല്‍ഹി പൊലീസ് കമ്മീഷണര്‍ പട്‌നായിക്കിനും 2019 ജനുവരി 11 മുതല്‍ തന്നെ ഇക്കാര്യങ്ങള്‍ അറിയാമായിരുന്നെന്ന സൂചനയും വീഡിയോ നല്‍കുന്നുണ്ട്.
രഞ്ജന്‍ ഗോഗോയ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിനു പിന്നാലെ അദ്ദേഹം തന്റെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും പ്രത്യേക താല്‍പര്യം കാണിച്ചിരുന്നെന്നാണ് സത്യവാങ്മൂലത്തില്‍ യുവതി പറയുന്നത്. പതിയെ പതിയെ അവരെ അദ്ദേഹത്തിന്റെ റസിഡന്‍ഷ്യല്‍ ഓഫീസിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. അവിടെ അദ്ദേഹത്തിനടുത്ത് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടെന്നും പറഞ്ഞാണ് യുവതി പിന്നീട് അവിടെ തനിക്കു നേരിടേണ്ടി വന്ന ലൈംഗിക ആക്രമണങ്ങള്‍ വിശദീകരിച്ചത്.
ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ റസിഡന്‍സ് ഓഫീസില്‍വെച്ച് ലൈംഗികമായി ആക്രമിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. സുപ്രീം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്യാറുള്ള 35 കാരിയാണ് പരാതി നല്‍കിയത്. ഏപ്രില്‍ 19ന് സുപ്രീം കോടതിയിലെ 22 ജഡ്ജിമാര്‍ക്ക് നല്‍കിയ സത്യവാങ്മൂലത്തിലാണ് ചീഫ് ജസ്റ്റിസിനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.
2018 ഒക്ടോബര്‍ 10ന് രഞ്ജന്‍ ഗോഗോയ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് ലൈംഗികമായി ആക്രമിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഏതുതരത്തിലുള്ള പീഡനമാണ് തനിക്ക് ഏല്‍ക്കേണ്ടി വന്നതെന്ന് വളരെ വിശദമായി സത്യവാങ്മൂലത്തില്‍ യുവതി പറഞ്ഞിട്ടുണ്ട്.
2018 ആഗസ്റ്റില്‍ തനിക്ക് ചീഫ് ജസ്റ്റിസിന്റെ റസിഡന്‍സ് ഓഫീസിലായിരുന്നു ഡ്യൂട്ടി. ചീഫ് ജസ്റ്റിസിനെ തള്ളിമാറ്റിയശേഷം താന്‍ അവിടെ പുറത്തിറങ്ങുകയാണുണ്ടായതെന്നും യുവതി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
രണ്ടുമാസത്തിനുശേഷം ഡിസംബര്‍ 21ന് തന്നെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. അനുമതിയില്ലാതെ ഒരു ദിവസത്തെ കാഷ്വല്‍ ലീവെടുത്തുവെന്നതാണ് പിരിച്ചിവിടാനുള്ള ഒരു കാരണമായി പരാമര്‍ശിച്ചതെന്നും യുവതി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
പിരിച്ചുവിട്ടശേഷവും തന്നെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. തന്റെ കുടുംബത്തെ മുഴുവന്‍ അത് ബാധിച്ചു. ദല്‍ഹി പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍മാരായ തന്റെ ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും ഡിസംബര്‍ 28ന് സസ്‌പെന്റ് ചെയ്തു. 2012ല്‍ ഒത്തുതീര്‍പ്പാക്കിയ കോളനി തര്‍ക്ക കേസുമായി ബന്ധപ്പെട്ടായിരുന്നു ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്നാണ് യുവതി ആരോപിച്ചത്.