ന്യൂദല്‍ഹി: ആദിവാസികളെ കൂട്ടക്കുരുതി നടത്തിയ ബോഡോ തീവ്രവാദികളുമായി ചര്‍ച്ചക്കില്ലെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംങ്. ഇക്കാര്യത്തില്‍ ബോഡോ തീവ്രവാദത്തെ ശക്തമായി നേരിടുമെന്നും രാജ്‌നാഥ് പറഞ്ഞു. കഴിഞ്ഞ ദിവസം സൊണിത്പൂര്‍, കൊക്രജര്‍ ജില്ലകളിലായി ബോഡോ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 67 പേരായിരുന്നു കൊല്ലപ്പെട്ടിരുന്നത്.
നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാന്‍ഡ്(സോങ്ബിജിത്ത്) നേതൃത്വത്തിലായിരുന്നു ആക്രമണങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. മേഖലയിലെ ബോഡോ പ്രശ്‌നവുമായി ബന്ധപ്പെട്ട് സമാധാന ചര്‍ച്ചയെ എതിര്‍ക്കുന്നവരാണ് ഇവര്‍. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദികള്‍ക്കെതിരെ കനത്ത ആക്രമണത്തിന് ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിനായി സര്‍ക്കാര്‍ നിലവില്‍ 50 കമ്പനി കേന്ദ്ര സേനയെ സംസ്ഥാനത്തിലേക്ക് അയച്ചിട്ടുണ്ട്.
തീവ്രവാദികള്‍ക്കെതിരെ ആക്രമണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഭൂട്ടാന്‍, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളുടെയും സഹായം കേന്ദ്ര സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ഈ രാജ്യങ്ങളിലായി തീവ്രവാദികള്‍ ക്യാമ്പ് ചെയ്യുന്നുണ്ട് എന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്. സംഭവം എന്‍.ഐ.എ യാണ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ സോണിത്പൂരില്‍ 37ഉും കൊക്രജറില്‍ 30 പേരായിരുന്നു കൊല്ലപ്പെട്ടിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ആക്രമണം നടന്നിരുന്നത്. അഞ്ചിടങ്ങളിലായാണ് തീവ്രവാദി ആക്രമണം ഉണ്ടായത്. ആദിവാസികള്‍ക്കും ഗ്രാമീണര്‍ക്കും നേരേ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.