national news
രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നു: രാജ്‌നാഥ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 28, 05:39 pm
Saturday, 28th September 2024, 11:09 pm

ചണ്ഡീഗണ്ഡ്: വിദേശ സന്ദര്‍ശത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.

ഹരിയാനയിലെ ബദ്‌ലിയില്‍ വെച്ച് നടന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ.പി. ധങ്കറിന്റെ പ്രചരണറാലിയില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.

ബി.ജെ.പിയുടെ മുന്‍ പ്രതിപക്ഷ നേതാക്കളായിരുന്ന വാജ്‌പേയിയും എല്‍.കെ. അദ്വാനി എന്നിവരൊന്നും വിദേശ രാജ്യങ്ങളില്‍ പോയി ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

സംവരണത്തെ കുറിച്ചും സിഖ് സമുദായത്തെ കുറിച്ചും രാഹുല്‍ ഗാന്ധി വിദേശ സന്ദര്‍ശനത്തിനിടെ നടത്തിയ പ്രസംഗം രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതായിരുന്നു എന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

‘മറ്റ് രാജ്യങ്ങളില്‍ പോയി ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ രാഹുല്‍ ശ്രമിക്കുന്നു. ഗുരുദ്വാരയില്‍ പോകുന്നതില്‍ സിഖ് സമൂഹം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും കഡ ധരിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു,’ സിങ് പറഞ്ഞു.

പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെയും രാഹുലിനെയും പിന്തുണയ്ക്കണോ എന്നും രാജ്യത്ത് സിഖ് സമൂഹം ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടോ എന്നും രാജ്‌നാഥ് സിങ് ചോദിച്ചു.

അടുത്തിടെ രാഹുല്‍ഗാന്ധി വിദേശസന്ദര്‍ശനത്തില്‍ സിഖുകാര്‍ ഇന്ത്യയില്‍ നടത്തിയ പോരാട്ടങ്ങളെ കുറിച്ച് സൂചിപ്പിച്ചിരുന്നു. ഈ പരാമര്‍ശത്തിനെതിരെയാണ് രാജ്‌നാഥ് സിങ് വിമര്‍ശനമുന്നയിച്ചത്.

അതേസമയം ഹരിയാനയിലെ കോണ്‍ഗ്രസിനെതിരെയും പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പ്രതിരോധ മന്ത്രി വിമര്‍ശനങ്ങളുന്നയിക്കുന്നുണ്ട്.

Content Highlight: RAJNADH SING AGAINST RAHUL GANDHI