| Friday, 29th November 2024, 2:25 pm

എന്നോട് കാണിച്ച രാഷ്ട്രീയ അനീതിയില്‍ മനംനൊന്താണ് അമ്മ മരിച്ചത്; ആന്റണി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പൂമുഖത്ത് അമ്മയുടെ മൃതദേഹമായിരുന്നു: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എ.കെ. ആന്റണി തന്നോട് കാണിച്ച രാഷ്ട്രീയ അനീതീയില്‍ മനംനൊന്താണ് തന്റെ അമ്മ മരണപ്പെട്ടതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാസര്‍ഗോഡ്‌ എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

പുത്രദുഖം അനുഭവിച്ചിട്ടേ താങ്കള്‍ മരിക്കൂ എന്ന് ഈച്ചരവാര്യര്‍ കരുണാകരനെ ശപിച്ചതുപോലെ തനിക്കെതിരെ പ്രവര്‍ത്തിച്ചവരെ തന്റെ അമ്മയും മനസുകൊണ്ട് ശപിച്ചിട്ടുണ്ടാകാമെന്നും അതിന്റെ ഫലം അവര്‍ അനുഭവിക്കുന്നുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പോപ്പഡോം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2001ല്‍ കായംകുളത്ത് നിന്ന് മത്സരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് തനിക്ക് സീറ്റ് നല്‍കിയിരുന്നെന്നും എന്നാല്‍ എ.കെ. ആന്റണി ഇടപെട്ട് അതില്‍ മാറ്റം വരുത്തി തനിക്ക് പകരം എം.എം. ഹസനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്തയറിഞ്ഞാണ് തന്റെ അമ്മ തളര്‍ന്നുവീണതെന്നും പിന്നീട് ഈ തെരഞ്ഞെടുപ്പിന് ശേഷം ആന്റണി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ തന്റെ വീടിന്റെ പൂമുഖത്ത് അമ്മയുടെ മൃതദേഹം കിടത്തിയിരിക്കുകയായിരുന്നെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

‘2001ല്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് എനിക്ക് കായംകുളത്ത് മത്സരിക്കാന്‍ സീറ്റ് തന്നിരുന്നു. എനിക്ക് സീറ്റ് ലഭിച്ചതിന്റെ ട്രീറ്റെന്നോളം പി.സി. ചാക്കോയും, കെ. മുരളീധരനും ഞാനും ചേര്‍ന്ന് ദല്‍ഹിയിലെ ഒരു ഹോട്ടലിലിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് നമ്പര്‍ 10 ജന്‍പഥില്‍ നിന്ന് എനിക്കൊരു ഫോണ്‍കോള്‍ വന്നത്. പെട്ടെന്ന് അവിടെയത്താന്‍ പറഞ്ഞു.

ഞാനെത്തിയപ്പോള്‍ അവിടെ കേരളത്തിന്റെ സംഘടന ചുതലയുള്ള ജനറല്‍ സെക്രട്ടറിയുണ്ടായിരുന്നു. അദ്ദേഹം എന്നെ തോളേട് ചേര്‍ത്ത് കെട്ടിപ്പിടിച്ച് കൊണ്ടുപറഞ്ഞു, അഞ്ച് സീറ്റുകളില്‍ എ.കെ. ആന്റണി ഇടപെട്ട് മാറ്റം വരുത്തിയെന്നും അതിലൊന്ന് കായംകുളമാണ് എന്നും. എന്നെ മാറ്റി അവിടെ എം.എം. ഹസന് സീറ്റ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, രാവിലെ തന്നെ എനിക്ക് സീറ്റ് കിട്ടിയ വിവരം ഞാന്‍ അമ്മയെ വിളിച്ച് പറഞ്ഞിരുന്നു. ദല്‍ഹിയില്‍ നിന്ന് നേരെ ഗുരുവായൂരില്‍ പോയി അനുഗ്രഹം വാങ്ങി അമ്മയുടെ അടുത്തേക്ക് വരുമെന്നും അമ്മയുടെ അനുഗ്രഹം വാങ്ങിയതിന് ശേഷം മാത്രമേ ഞാന്‍ നോമിനേഷന്‍ നല്‍കൂ എന്നും ഞാന്‍ അമ്മയോട് പറഞ്ഞിരുന്നു.

വൈകീട്ട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കാണാന്‍ അമ്മ ടിവിക്ക് മുമ്പിലിരിക്കുമ്പോഴാണ് കായംകുളത്ത് എന്നെ മാറ്റി എം.എം.ഹസനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. അമ്മ ആ നിമിഷം ബോധം കെട്ട് വീണതാണ്. പിന്നീട് ആന്റണി സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് എന്റെ അമ്മയുടെ മൃതദേഹം ഞങ്ങളുടെ വീടിന്റെ പൂമുഖത്ത് കിടത്തിയിരിക്കുകയായിരുന്നു. ആ വാര്‍ത്ത കാണാനും കേള്‍ക്കാനും എന്റെ അമ്മ ജീവിച്ചിരുന്നില്ല.

ആ തെരഞ്ഞെടുപ്പിന്റെ സമയത്തെല്ലാം അമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അമ്മ മരിക്കുമ്പോള്‍ അരികത്ത് ആശുപത്രിയില്‍ ഗുലാം നബി ആസാദും, കെ. മുരളീധരനും, പന്തളം സുധാകരനും എന്നോടൊപ്പം ഉണ്ടായിരുന്നു. ഞങ്ങളെല്ലാവരും തലേക്കുന്നില്‍ ബഷീറിന്റെ വീട്ടില്‍ ഭക്ഷണം കഴിച്ചിരിക്കുമ്പോഴാണ് പെട്ടെന്ന് ആശുപത്രിയിലെത്തണമെന്ന് പറഞ്ഞ് ഫോണ്‍ വന്നത്.

ഞങ്ങളെല്ലാവരും കൂടി ആശുപത്രിയിലെത്തിയപ്പോള്‍ അമ്മക്ക് അല്‍പം ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഞങ്ങള്‍ അല്‍പം നേരം അമ്മയോടൊപ്പം ചെലവഴിച്ചു. ഗുലാം നബി ആസാദ് തിരികെ പോകാന്‍ ഒരുങ്ങിയപ്പോള്‍ ഞാന്‍ അദ്ദേഹത്തെ യാത്രയാക്കാനായി പുറത്തേക്ക് പോകാനൊരുങ്ങി. അപ്പോള്‍ വീണ്ടും സിസ്റ്റര്‍ വന്ന് ഡോക്ടര്‍ വിളിക്കുന്നെന്ന് പറഞ്ഞു. ഞാന്‍ വീണ്ടും ആശുപത്രിക്കകത്തേക്ക് ഓടി. എന്നോടൊപ്പം കൂടെയുണ്ടായിരുന്നവരും ഓടി അകത്തേക്ക് വന്നു.

അമ്മയുടെ അടുത്തെത്തിയപ്പോള്‍ ഡോക്ടര്‍ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. ഞങ്ങളെല്ലാവരും പ്രാര്‍ത്ഥിച്ചു. അമ്മയുടെ നാവ് പുറത്തേക്ക് വന്നപ്പോള്‍ പഞ്ഞിയില്‍ വെള്ളം മുക്കി അമ്മക്ക് നല്‍കാന്‍ പറഞ്ഞു. ഞാന്‍ അപ്രകാരം ചെയ്തു.

അമ്മയുടെ കണ്ണും വായും തിരുമ്മിയടക്കാന്‍ ഡോക്ടര്‍ പറഞ്ഞു. ഞാന്‍ അപ്രകാരവും ചെയ്തു. പിന്നീട് ഡോക്ടര്‍ പറഞ്ഞു, അമ്മ മരിച്ചെന്ന്. ഞാന്‍ വാവിട്ട് കരഞ്ഞു. ഗുലാം നബി ആസാദ് എന്നെ അദ്ദേഹത്തിന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു.

എന്നോട് കാണിച്ച രാഷ്ട്രീയ അനീതിയില്‍ മനംനൊന്താണ് എന്റെ അമ്മ മരിച്ചത്. അതിന്റെ ശാപം എന്നോട് അനീതി കാണിച്ചവര്‍ക്ക് ലഭിക്കും. പണ്ട് ഈച്ചരവാര്യര്‍ കരുണാകരനോട് പറഞ്ഞിട്ടുണ്ട്, പുത്രദുഖം എന്തെന്ന് അറിഞ്ഞിട്ടേ ശ്രീ കരുണാകരന്‍ നിങ്ങള്‍ മരിക്കൂ എന്ന്.

അതുപോലെ എന്റെ അമ്മയും എന്നെ ദ്രോഹിച്ചവര്‍ക്കെതിരെ മനസുകൊണ്ടെങ്കിലും ശപിച്ചിട്ടുണ്ടാകും. ആ ശാപത്തിന്റെ ഫലം എന്നെ രാഷ്ട്രീയമായി ദ്രോഹിച്ചവര്‍ക്ക് കിട്ടുന്നുണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്,’ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

content highlights: Rajmohan Unnithan talks about the political injustice meted out to him by A.K. Antony and his mother’s death

We use cookies to give you the best possible experience. Learn more