കോഴിക്കോട്: കെ. മുരളീധരനെ വളര്‍ത്തിയെടുക്കാനുള്ള ഒരു ഏണിപ്പടി മാത്രമായിരുന്നു കെ.കരുണാകരന് താനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാസര്‍ഗോഡ് എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും ഉള്‍പ്പടെ തീരുമാനിക്കാനുള്ള കരുത്തുണ്ടായിരുന്ന കാലത്തും കരുണാകരന്‍ തനിക്ക് ഒരു ബോര്‍ഡ്‌ചെയര്‍മാന്‍ സ്ഥാനം പോലും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
1973 മുതല്‍ താങ്കളുടെ നിഴലുപോലെ നടന്ന തനിക്ക് എന്താണ് ലഭിച്ചതെന്ന് ചോദിച്ചപ്പോള്‍ താനൊരു വായ്‌നോക്കിയായത് എന്റെ കുഴപ്പമാണോ എന്നാണ് കരുണാകരന്‍ ചോദിച്ചതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പോപ്പഡോം എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.വി. വിജയന്‍ സേവാദളിന്റെ സംസ്ഥാന ചെയര്‍മാനായിരിക്കുമ്പോള്‍ കെ. മുരളീധരനെ സേവാദളിന്റെ ഒരു ജില്ല ചെയര്‍മാനാക്കണമെന്ന് കരുണാകരന്‍ തന്നോട് ആവശ്യപ്പെട്ടെന്നും താന്‍ ഇടപെട്ടാണ് അത് ശരിയാക്കി നല്‍കിയതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു. അതായിരുന്നു മുരളീധരന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ തുടക്കമെന്നും അദ്ദേഹം പറയുന്നു.
പിന്നീട് താന്‍ തന്നെ ദല്‍ഹിയില്‍ പോയി രാജീവ് ഗാന്ധിയെ കണ്ട് സി.വി. വിജയനെ മാറ്റി കെ.മുരളീധരനെ സേവാദളിന്റെ സംസ്ഥാന ചെയര്‍മാനാക്കിയെന്നും അദ്ദേഹം പറയുന്നു. ഇതും കരുണാകരന്റെ നിര്‍ദേശപ്രകാരമായിരുന്നു എന്നും ഉണ്ണിത്താന്‍ പറഞ്ഞു.
അന്ന് സേവാദളിന്റെ നാഷണല്‍ വൈസ്‌ചെയര്‍മാനായിരുന്ന രാമേശ്വര്‍ നേഖ്‌റ ആദ്യം മുരളീധരനെ സംസ്ഥാന ചെയര്‍മാനാക്കാന്‍ വിസമ്മതിച്ചെന്നും പകരം തന്നോട് ചെയര്‍മാനാകാന്‍ പറഞ്ഞിരുന്നു എന്നും ഉണ്ണിത്താന്‍ പറയുന്നു. ഇത്തരത്തില്‍ പല ആളുകള്‍ക്കും മുരളിയെ സംസ്ഥാന ചെയര്‍മാനാക്കാന്‍ താത്പര്യമില്ലായിരുന്നെന്നും ഉണ്ണിത്താന്‍ പറയുന്നു.
പിന്നീട് തന്റെ സമ്മര്‍ദത്തിന് വഴങ്ങിയും വ്യക്തിപരമായ ബന്ധത്തിന്റെ പേരിലുമാണ് മുരളിയെ ചെയര്‍മാനാക്കാന്‍ രാമേശ്വര്‍ നേഖ്‌റ അത് സമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് മുരളീധരന്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍ താനായിരുന്നു അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത് എന്നും ഉണ്ണിത്താന്‍ പറയുന്നു.
1992ലെ സംഘടന തെരഞ്ഞെടുപ്പിന്റെ കാലത്ത് തന്നെ ഡി.സി.സി പ്രസിഡന്റാക്കാമെന്ന വാഗ്ദാനമുണ്ടായിരുന്നു എന്നും അതും ലംഘിക്കപ്പെട്ടെന്നും ഉണ്ണിത്താന്‍ പറയുന്നു. പകരം ഡി.സി.സി. പ്രസിഡന്റിനേക്കാള്‍ വലിയ പദവിയുള്ള കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയാക്കാം എന്ന വാഗ്ദാനം ലഭിച്ചെന്നും അദ്ദേഹം പറയുന്നു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുടെ പോസ്റ്റ് വന്നപ്പോള്‍ ആ സ്ഥാനത്തേക്ക് കരുണാകരന്‍ മുരളിയെ നിര്‍ദേശിച്ചെന്നും പകരം സേവാദളിന്റെ സംസ്ഥാന ചെയര്‍മാനാകാനാണ് തന്നോട് പറഞ്ഞതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തനിക്ക് ലഭിച്ച സേവാദളിന്റെ ചെയര്‍മാന്‍ സ്ഥാനം അന്ന് താന്‍ നിരസിച്ചതായിരുന്നു എന്നും എന്നാല്‍ തന്റെ ഗതികേട് കൊണ്ട് ഇത്തവണ അത് ഏറ്റെടുക്കേണ്ടി വന്നെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടിയില്‍ ഒരു സ്ഥാനം അക്കാലത്ത് അത്യാവശ്യമായിരുന്നു എന്നും ഉണ്ണിത്താന്‍ പറയുന്നു.
ഒരു പദവിയില്ലെങ്കില്‍ ആരും ഒരു കല്യാണത്തിന് പോലും വിളിക്കില്ലെന്നും അതാണ് ഈ പാര്‍ട്ടിയുടെ സ്വഭാവമെന്നും അദ്ദേഹം പറയുന്നു. ലീഡര്‍ക്ക് അദ്ദേഹത്തിന്റെ മകനെ വളര്‍ത്താനുള്ള ഒരു ഏണിപ്പടി മാത്രമാണ് താനെന്ന് അന്നാണ് താന്‍ മനസിലാക്കിയതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
1973ല്‍ കരുണാകരന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ താന്‍ കൊല്ലം എസ്.എന്‍. കോളേജില്‍ ചെയര്‍മാനായിരുന്നെന്നും അന്ന് കരുണാകരനെ കോളേജ് പരിപാടിക്ക് വിളിക്കരുതെന്ന് കെ.എസ്.യുവിന്റെ നിര്‍ദേശമുണ്ടായിരുന്നു എന്നും ഉണ്ണിത്താന്‍ പറയുന്നു. എന്നാല്‍ ആ നിര്‍ദേശം ലംഘിച്ച് താന്‍ അദ്ദേഹത്തെ കോളേജ് യൂണിയന്‍ പരിപാടിയില്‍ പങ്കെടുപ്പിച്ചെന്നും അതിന്റെ പേരില്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നും ഉണ്ണിത്താന്‍ പറയുന്നു. അന്ന് മുതല്‍ കരുണാകരനുമായി തുടങ്ങിയ ബന്ധം 1993 വരെ തുടര്‍ന്നെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
ഇക്കാലയളവില്‍ കരുണാകരന്‍ എത്രയോ തവണ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കേന്ദ്രമന്ത്രിയുമായി. ഇന്ത്യയുടെ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും തീരുമാനിക്കാന്‍ കഴിയുന്ന ആളായി അദ്ദേഹം മാറി. എന്നാല്‍ തനിക്ക് ഒരു എം.എല്‍.എ സീറ്റോ, പാര്‍ലമെന്റ് സീറ്റോ, സംസ്ഥാന, കേന്ദ്ര മന്ത്രി സ്ഥാനമോ ഒരു കോര്‍പറഷേന്റെ ചെയര്‍മാന്‍ സ്ഥാനമോ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വമോ അദ്ദഹം നല്‍കിയില്ലെന്നും ഉണ്ണിത്താന്‍ പറയുന്നു.
ഒരിക്കല്‍ ഇക്കാര്യം പറഞ്ഞ് താന്‍ അദ്ദേഹത്തോട് പൊട്ടിത്തെറിച്ചെന്നും തനിക്ക് ഒരു സ്ഥാനവും നല്‍കിയില്ലെന്ന തന്റെ വാദം അദ്ദേഹം അംഗീകരിച്ചെന്നും ഉണ്ണിത്താന്‍ പറഞ്ഞു. എന്നാല്‍ അതിനേക്കാളൊക്കെ മുകളിലാണ് തന്റെ സ്ഥാനമെന്നും ഇവരാരും വിചാരിച്ചാല്‍ നടക്കാത്തത് ഉണ്ണിത്താന്‍ വിചാരിച്ചാല്‍ നടക്കുമെന്നും കരുണാകരന്‍ പറഞ്ഞു. അതു കൊണ്ട് തനിക്കെന്ത് പ്രയോജനമെന്ന് തിരിച്ച് ചോദിച്ചപ്പോള്‍ ‘താന്‍ ഒരു വായ്‌നോക്കിയായത് എന്റെ കുഴപ്പമാണോ’എന്നാണ് കരുണാകരന്‍ ചോദിച്ചതെന്നും ഉണ്ണിത്താന്‍ പറയുന്നു.
കരുണാകരന്റെ അവസാന കാലത്ത് അദ്ദേഹം ദല്‍ഹിയിലെ കേരള ഹൗസില്‍ വന്നപ്പോള്‍ താന്‍ പോയി കണ്ടിരുന്നു എന്നും ഉണ്ണിത്താന്‍ പറയുന്നു. അന്ന് തനിക്കൊന്നും ചെയ്ത് തരാന്‍ കഴിയാത്തതിന്റെ സങ്കടം അദ്ദേഹം കൂടെയുണ്ടായിരുന്ന ഉണ്ണിക്കൃഷ്ണന്‍ ഡോക്ടറോട് പറഞ്ഞെന്നും അദ്ദേഹത്തിന് അങ്ങനയൊരു ബോധ്യമുണ്ടായതിന്‍ താന്‍ സംതൃപ്രതനായിരുന്നു എന്നും ഉണ്ണിത്താന്‍ പറയുന്നു.
എന്നാല്‍ പിന്നീട് തനിക്കെന്താണ് വേണ്ടതെന്ന് കരുണാകരന്‍ ചോദിച്ചപ്പോള്‍ താന്‍ പൊട്ടിത്തെറിച്ചെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രിയെ തീരുമാനിക്കാന്‍ കഴിവുണ്ടായിരുന്ന കാലത്ത് തന്നോട് ഇത് ചോദിച്ചിട്ടില്ലെന്നും അന്ന് ചോദിച്ചിരുന്നെങ്കില്‍ താന്‍ തനിക്ക് വേണ്ടത് പറയുമായിരുന്നെന്നും അത് നല്‍കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു എന്നും ഉണ്ണിത്താന്‍ അഭിമുഖത്തില്‍ പറയുന്നു.
ഇപ്പോള്‍ താങ്കള്‍ വന്നത് സ്വന്തം മകന് മൂന്ന് രൂപയുടെ മെമ്പര്‍ഷിപ്പ് ലഭിക്കാന്‍ വേണ്ടിയാണ് അത് ലഭിക്കുമെങ്കില്‍ വാങ്ങിപ്പോകാന്‍ താന്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്ന ഉണ്ണിക്കൃഷ്ണന്‍ ശവത്തില്‍ കുത്തരുതെന്ന് പറഞ്ഞെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അഭിമുഖത്തില്‍ പറഞ്ഞു.
content highlights: Rajmohan Unnithan talks about K. Muralidharan and Karunakan